ആഘോഷാരവങ്ങള്‍ക്കിടെ കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങി

മട്ടന്നൂര്‍: അലയടിച്ച ആഘോഷാരവങ്ങള്‍ക്കിടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനമിറങ്ങി. എയര്‍ഫോഴ്‌സിന്റെ ഡോണിയര്‍ 228 എന്ന ചെറുവിമാനമാണ് പരീക്ഷണാര്‍ഥം ഇന്നലെ രാവിലെ 9.08ഓടെ റണ്‍വേ തൊട്ടത്. 9.04ഓടെ എയര്‍പോര്‍ട്ടിന്റെ ആകാശത്ത് താഴ്ന്നു പറന്നെത്തിയ വിമാനത്തിന്റെ ഇരമ്പലിനൊപ്പം ചടങ്ങിനു സാക്ഷിയായ പുരുഷാരം ഹര്‍ഷാരവം മുഴക്കി.
കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ എയര്‍ മാര്‍ഷല്‍ ആര്‍ നമ്പ്യാരാണ് മുഖ്യ പൈലറ്റ്. ഇദ്ദേഹത്തെയും സഹപൈലറ്റ് ബിബിന്‍ മിലിയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആദരിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ വടക്കന്‍ കേരളത്തിന്റെ വികസനചരിത്രം തിരുത്തിക്കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യ ആരോപണവും സമരവും നടത്തി വികസന പദ്ധതികള്‍ മുടക്കാന്‍ ആരെയും അനുവദിക്കില്ല. സപ്തംബറോടെ കണ്ണൂരില്‍ യാത്രാവിമാനം സര്‍വീസ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തിനു പേരിടാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്. പരീക്ഷണപ്പറക്കല്‍ ചടങ്ങ് എല്‍ഡിഎഫും ബിജെപിയും ബഹിഷ്‌കരിച്ചു. മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ സി ജോസഫ്, കെ പി മോഹനന്‍, ആര്യാടന്‍ മുഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, എംഎല്‍എമാരായ എ പി അബ്ദുല്ലക്കുട്ടി, സണ്ണി ജോസഫ്, കെ എം ഷാജി, മുന്‍ കേന്ദ്ര വ്യോമയാനമന്ത്രി സി എം ഇബ്രാഹിം, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, കിയാല്‍ എംഡി ജി ചന്ദ്രമൗലി, സിവില്‍ ഏവിയേഷന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്‍, ചീഫ് പ്രൊജക്റ്റ് എന്‍ജിനീയര്‍ കെ പി ജോസ്, കിയാല്‍ ഡയറക്ടര്‍ ഡോ.— ഷമീര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയും മന്ത്രിമാരും എം കെ ഗ്രൂപ്പ് പ്രതിനിധിയും കിയാല്‍ ഡയറക്ടറുമായ ഡോ. —ഷമീറും ഹെലികോപ്റ്ററിലാണ് വിമാനത്താവള പദ്ധതി പ്രദേശത്ത് എത്തിയത്.
Next Story

RELATED STORIES

Share it