Idukki local

ആഘോഷദിനങ്ങള്‍; ഹൈറേഞ്ചില്‍ ലഹരിയൊഴുകുന്നു

വി വിനീത് കുമാര്‍

നെടുങ്കണ്ടം: ക്രിസ്മസ്, പുതുവല്‍സര ദിനങ്ങള്‍ അടുത്തതോടെ ഹൈറേഞ്ചില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ ഒഴുക്ക് വര്‍ധിച്ചു. ചാരായം, കഞ്ചാവ്, മദ്യം അടക്കമുള്ള ലഹരിയുല്‍പ്പന്നങ്ങള്‍ ഗ്രാമങ്ങളിലെ ചെറിയ സിറ്റികളില്‍ വന്‍തോതില്‍ ശേഖരിക്കുന്നുണ്ടെന്നാണ് അധികൃതര്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ചില്‍ പട്രോളിങ്ങും പരിശോധനയും ശക്തമാക്കി. ഇന്നലെ മദ്യം അടങ്ങിയ 11 ലിറ്റര്‍ അരിഷ്ടം പിടികൂടി. മേഖലയില്‍ മദ്യം അടങ്ങിയ അരിഷ്ട ഉല്‍പന്നങ്ങളും പാനിയങ്ങളും വ്യാപകമായിട്ടുണ്ട്. തൂശൂര്‍ കേന്ദ്രമാക്കിയ സ്വകാര്യ കമ്പനിയുടെ പേരില്‍ ഇറക്കുന്ന അരിഷ്ടമാണ് വില്ലന്‍. കമ്പനിയ്ക്ക് അരിഷ്ടം ഉല്‍പാദിപ്പിക്കാന്‍ ലൈസന്‍സ് ഉണ്ടെങ്കിലും, വില്‍ക്കാന്‍ എക്‌സൈസ് വിഭാഗത്തിന്റെ ലൈസന്‍സില്ല. പിടിച്ചെടുത്ത അരിഷ്ടത്തില്‍ 18 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന, പിന്നെ ഇവര്‍ ലക്ഷ്യം വെക്കുന്നത് വിദ്യാര്‍ഥികളെയാണ്. വിദ്യാര്‍ഥികള്‍ വ്യാപകമായി വങ്ങാനെത്തുന്നുണ്ടെന്നും വിവരമുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ ഇന്നലെ രാത്രി വരെ വനമേഖലയിലും, തോട്ടം മേഖലയിലുമായി നടത്തിയ 110 റെയിഡുകളിലായി 19 കേസുകളിലായി 19 പേരെ അറസ്റ്റ് ചെയ്തതായി ഉടുമ്പന്‍ചോല റെയിഞ്ച് ഓഫിസ് അറിയിച്ചു. കഞ്ചാവ്, വ്യാജവാറ്റ്, അനധികൃത മദ്യവില്‍പ്പന എന്നി കേസുകളിലാണ് എക്‌സൈസ് 19 പേരെ പിടികൂടിയത്. 3000 ലിറ്റര്‍ കോട, രണ്ട് ലിറ്റര്‍ ചാരായം, 67 ലിറ്റര്‍ വിദേശമദ്യം, 11 ലിറ്റര്‍ അരിഷ്ടം, 100 ഗ്രാം കഞ്ചാവ്, വാറ്റുപകരണങ്ങള്‍ എന്നിവ എക്‌സൈസ് പിടിച്ചെടുത്തു. 55 പുകയില കേസുകളില്‍ 11 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. 11000 രൂപ പിഴ ഈടാക്കി. കമ്പംമെട്ട്, ബോഡിമെട്ട് ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് 935 വാഹനങ്ങളില്‍ എക്‌സൈസ് പരിശോധന നടത്തി. ക്രിസ്മസ്പുതുവത്സര ആഘോഷമെത്തിയതോടെ ഉടുമ്പന്‍ചോല റെയി!ഞ്ചില്‍ എക്‌സൈസ് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. മൂന്ന് റെയിഞ്ചുകളുടെയും, സര്‍ക്കിള്‍ ഓഫിസുകളുടെയും സഹകരണത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സ്‌ക്വാഡും, മഫ്തിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെയും മേഖലയില്‍ വിന്യസിച്ചു. പൊതുജനങ്ങള്‍ക്ക് മദ്യ മയക്കുമരുന്നു മാഫിയ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നതിനു ഉടുമ്പന്‍ചോല റെയിഞ്ച് ഓഫിസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.
Next Story

RELATED STORIES

Share it