ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് 200

കോഴിക്കോട്: കേരളത്തിലെ സാമൂഹിക പരിവര്‍ത്തനത്തിനും മലയാള ഭാഷയ്ക്കും മികച്ച സംഭാവനകള്‍ നല്‍കിയ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് 200 വയസ്സ്. തലശ്ശേരിയില്‍ ബാസല്‍ മിഷണറിയായിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാള നിഘണ്ടു നിഘണ്ടുക്കളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. 1834 ഒക്ടോബര്‍ 13നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബാസല്‍ മിഷണറിമാര്‍ കോഴിക്കോട് തീരത്തു കപ്പലിറങ്ങിയത്. സാമുവല്‍ ഹെബ്ബിക്‌സ്, കിസ്‌റ്റോഫ് ഗ്രെയിനര്‍, ജോണ്‍ ലെയ്‌നര്‍ എന്നിവരായിരുന്നു സംഘത്തലവന്മാര്‍. തുടര്‍ന്ന് മലബാറിന്റെ വികസനത്തിന്റെ ഓരോ ഘട്ടത്തിനും ബാസല്‍ മിഷണറിമാര്‍ സാക്ഷികളായി.

മലബാറിന്റെ വിദ്യാഭ്യാസ, വ്യാവസായിക, ആതുരശുശ്രൂഷാ മേഖലയില്‍ ബി.ഇ.എമ്മിന്റെ നാമത്തിലുള്ള സ്ഥാപനങ്ങള്‍ അനവധിയാണ്. ആദ്യഘട്ടത്തില്‍ മംഗലാപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച മിഷണറിമാര്‍ 1839ല്‍ തലശ്ശേരിക്കടുത്ത നെട്ടൂരിലെ ഇല്ലിക്കുന്നിലെത്തി. 1840ല്‍ പ്രവര്‍ത്തനം ആരംഭിച്ച മിഷനറിമാര്‍ ചൊവ്വ, ചിറയ്ക്കല്‍, അഞ്ചരക്കണ്ടി, തളിപ്പറമ്പ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 1842ല്‍ മലബാര്‍ കലക്ടറായിരുന്ന തോമസിന്റെ അപേക്ഷപ്രകാരം പ്രവര്‍ത്തനമേഖല കോഴിക്കോടാക്കിയ മിഷണറിമാര്‍ ചോമ്പാല, കൊയിലാണ്ടി, കൊടക്കല്‍ എന്നീ സ്ഥലങ്ങള്‍ ഇവരുടെ പ്രവര്‍ത്തന മേഖലയാക്കി മാറ്റി. കോഴിക്കോട് കല്ലായിലായിരുന്നു മലബാറിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മിഷണറിമാര്‍ സ്ഥാപിച്ചത്.

പിന്നീട് 1909ല്‍ മലബാറിലെ ഏക ബാസല്‍ മിഷന്‍ കോളജ് സ്ഥാപിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് എന്നു പില്‍ക്കാലത്ത് അറിയപ്പെട്ട ഈ കോളജ് കോഴിക്കോടിന്റെ പ്രത്യേകിച്ച് മലബാറിന്റെ യശസ്സുയര്‍ത്തി. മാനാഞ്ചിറയിലെ ബി.ഇ.എം. സ്‌കൂള്‍, 1912ല്‍ ആരംഭിച്ച സ്‌കൂള്‍ ഫോര്‍ നായര്‍ ഗേള്‍സ്, 1902ല്‍ സ്ഥാപിച്ച ചോമ്പാല ഗേള്‍സ് ബോര്‍ഡിങ് സ്‌കൂള്‍ എന്നിവ ബാസല്‍ മിഷന്റെ സംഭാവനകളാണ്.

മാനാഞ്ചിറയില്‍ കോംട്രസ്റ്റ് സ്ഥാപിച്ചതും പുതിയറ, ഫറോക്ക്, കോട്ടക്കല്‍, ഒലവക്കോട് എന്നിവിടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഓട് നിര്‍മാണ ഫാക്ടറികള്‍ ആരംഭിച്ചതും മിഷണറിമാരായിരുന്നു. 1844ല്‍ കൈത്തറി വ്യവസായത്തിനു തുടക്കം കുറിച്ചതും കണ്ണൂരിലും കോഴിക്കോട്ടും ആധുനിക കൈത്തറിമില്ലുകള്‍ സ്ഥാപിച്ചതും ഇവരായിരുന്നു.

ആധുനിക ചികില്‍സാ രംഗത്തും തുടക്കം കുറിച്ചു. 1892ല്‍ ഡോ. ലീബന്‍ ഡാര്‍വന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് മിഷന്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊട്ടസ്റ്റന്റ് സഭയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബാസല്‍ മിഷന്‍ മിഷണറിമാര്‍ വൈദികര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. കേരളത്തില്‍ സി.എസ്.ഐ. സഭയുടെ വ്യാപനത്തിന് ശക്തി പകര്‍ന്നത് ഇവര്‍തന്നെ.

കര്‍ണാടകയിലെ ധര്‍വാഡില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കോഴിക്കോട്ടാണു സമാപനം. ഈ മാസം ഒമ്പതു മുതല്‍ 11 വരെയാണു പരിപാടികള്‍. 200ാം വാര്‍ഷിക ദീപശിഖ നെട്ടൂരില്‍ നിന്നു പുറപ്പെട്ട് 9ന് സി.എസ്.ഐ. കത്തീഡ്രലില്‍ എത്തിച്ചേരും. ഒക്ടോബര്‍ 11ന് മഹായിടവക പ്രഖ്യാപനവും ഇവിടെവച്ചു നടക്കും.
Next Story

RELATED STORIES

Share it