ആഗോളവല്‍ക്കരണകാലത്തെ വിധികള്‍

എന്‍ എം സിദ്ദീഖ്

കോടതിവിധികളില്‍ ജഡ്ജിമാരുടെ ആത്മനിഷ്ഠപരത കടന്നുവരുന്നത് അനഭിലഷണീയമാണെങ്കിലും പലപ്പോഴും അതൊരു വാസ്തവം മാത്രമാണ്. കൊച്ചി പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എല്‍എന്‍ജി പ്ലാന്റിനെതിരേ നടക്കുന്ന ജനകീയ ചെറുത്തുനില്‍പ്പ് വിജയിച്ച ആദ്യഘട്ടത്തില്‍ നിന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രാഥമിക വിധിയുടെ ഇപ്പോഴത്തെ ഘട്ടം നിര്‍ണായകമായ തിരിച്ചടി നേരിടുന്നു. പുതുവൈപ്പിലെ ഐഒസി പ്ലാന്റ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന സമരസമിതിയുടെ ഹരജി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് തള്ളിയിരിക്കുന്നു. കോടതി കേസിന്റെ മെറിറ്റിലേക്ക് പോവുന്നില്ല. ഹരജിക്കാരുടെ വാദങ്ങള്‍ക്കു ശാസ്ത്രീയ തെളിവില്ല എന്നതത്രേ ട്രൈബ്യൂണല്‍ വിധി. തീരദേശ നിയന്ത്രണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് പുതുവൈപ്പിലേതെന്നാണ് പ്രക്ഷോഭകരായ തദ്ദേശീയരുടെ വാദം. അവരൊക്കെ തീവ്രവാദികളാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. മുഖ്യധാരാ രാഷ്ട്രീയസംഘടനകള്‍ സര്‍ക്കാര്‍ വാദം ആവര്‍ത്തിക്കുന്ന മെഗാഫോണുകളാണ്. പാരിസ്ഥിതികാഘാതം മാന്‍ഡേറ്ററിയായി പരിഗണിക്കണമെന്ന ഒട്ടേറെ വിധികള്‍ നിലവിലുള്ളപ്പോള്‍ കീഴ്‌വഴക്കങ്ങള്‍ സുപ്രധാനമായ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ അതിനു വിരുദ്ധമാണ് പുതിയ വിധിയെന്നത് ആശങ്കാകുലമാണ്.
പ്ലാന്റ് നിര്‍മാണത്തിനെതിരേ സമരരംഗത്തുള്ള പുതുവൈപ്പ് സമരസമിതിയാണ് ട്രൈബ്യൂണലില്‍ ഹരജി സമര്‍പ്പിച്ചത്. ഐഒസിയുടെ പ്ലാന്റ് നിര്‍മാണം നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നായിരുന്നു ഹരജിക്കാര്‍ ഉന്നയിച്ച മുഖ്യവാദം. എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ കടല്‍ക്കരയില്‍ നിന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 500 മീറ്റര്‍ അകലെയുള്ള സൈറ്റിലാണ് ഐഒസി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ടാങ്ക് നിര്‍മിക്കാന്‍ അനുമതിക്ക് അപേക്ഷിച്ചത്. കപ്പല്‍ വഴി വരുന്ന ഇന്ധനം ജെട്ടിയില്‍ നിന്നു പൈപ്പ് വഴി ഇവിടെയെത്തിച്ച് ഭൂമിക്കടിയില്‍ പൂര്‍ണമായും കുഴിച്ചിടുന്ന ടാങ്കറുകളില്‍ സ്റ്റോര്‍ ചെയ്ത് അവിടെ നിന്ന് ടാങ്കുകളില്‍ നിറച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് പ്ലാന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം, ഹൈടൈഡ് ലൈനില്‍ നിന്ന് 200 മീറ്റര്‍ വിട്ട് നിര്‍മാണം നടത്താനാണ് തീരദേശ പരിപാലന അതോറിറ്റിയും കേന്ദ്രസര്‍ക്കാരും അംഗീകാരം നല്‍കിയിരിക്കുന്നതെന്നാണ് സമരസമിതി പറയുന്നത്. കടല്‍ത്തിര വന്നടിക്കുന്ന ഇന്റല്‍ ടൈഡ് സോണിലാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്.
ഓരോ വര്‍ഷവും രണ്ട്-മൂന്ന് മീറ്റര്‍ വീതം കടലെടുത്തുപോവുന്ന ഇറോഷന്‍ സോണ്‍ ആണിതെന്ന് നാട്ടുകാരും ഒരു മീറ്റര്‍ കടലെടുത്തുപോവുന്ന പ്രദേശമാണിതെന്ന് കമ്പനിയും സമ്മതിക്കുന്നുണ്ട്. ഏതായാലും നിര്‍മാണം ആരംഭിച്ചപ്പോള്‍ സൈറ്റിലെ ചുറ്റുമതിലില്‍ നിന്ന് പത്ത് മീറ്റര്‍ അകലെയുണ്ടായിരുന്ന കടല്‍ ഇപ്പോള്‍ പ്ലോട്ടിനകത്ത് അടിച്ചുകയറി മതില്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. ഇവിടെയാണ് കോടികള്‍ മുടക്കിയുള്ള നിര്‍മാണപ്രവര്‍ത്തനം നടക്കുന്നത്. അതേസമയം, ഇപ്പോള്‍ നിര്‍മാണത്തിന്റെ 80 ശതമാനവും കടലിന്റെ 200 മീറ്ററിനുള്ളിലുള്ള നോ ഡവലപ്‌മെന്റ് സോണിലാണ്. ഇത് നിയമവിരുദ്ധമാണ്. 200 മീറ്ററിന് പുറത്തുള്ള സര്‍വേ നമ്പറില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനം പാടുള്ളൂവെന്ന പെട്രോളിയം മന്ത്രാലയത്തിന്റെയും സുരക്ഷാ അതോറിറ്റിയുടെയും നിര്‍ദേശം ലംഘിച്ചാണ് ഐഒസി നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത്. കടല്‍ക്ഷോഭം മൂലം മതിലിന് ദിനംപ്രതിയുണ്ടാവുന്ന ശക്തിക്ഷയമാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. ഭൂരിഭാഗവും മല്‍സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഇവിടത്തെ ഓയില്‍ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങള്‍ പോലും മല്‍സ്യസമ്പത്തിനെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്നാണ് സമരസമിതി ചൂണ്ടിക്കാട്ടുന്നത്. പ്ലാന്റ് മാറ്റാന്‍ തയ്യാറാവാത്ത ഐഒസിയുടെ പിടിവാശിയും ഒപ്പം പ്ലാന്റിന്റെ ആവശ്യകതയും സാങ്കേതികതയും നാട്ടുകാര്‍ ചോദ്യം ചെയ്യുന്നുണ്ട്.
ആഗോളവല്‍ക്കരണകാലത്തെ കോടതിവിധികള്‍ സവിശേഷമായി പഠിക്കേണ്ടതാണ്. നെഹ്‌റൂവിയന്‍ സോഷ്യലിസ്റ്റ് കാലത്ത് കോടതി അതിന് അനുകൂലമായ വിധിയെഴുത്തുകള്‍ നടത്തി. ഇന്ദിരാ യുഗാരംഭത്തില്‍ പ്രിവിപേഴ്‌സ് നിര്‍ത്തലാക്കല്‍, ബാങ്ക് ദേശസാല്‍ക്കരണ നടപടികള്‍ എന്നിവ സുപ്രിംകോടതി ആദ്യം അംഗീകരിക്കാന്‍ മടിച്ചെങ്കിലും വൈകാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനാവകാശങ്ങള്‍ ലംഘിച്ച് ഭരണകൂടം മൗലികാവകാശങ്ങള്‍ റദ്ദാക്കിയപ്പോള്‍ ഇന്ത്യയിലെ 17ല്‍ പത്ത് ഹൈക്കോടതികളും അതിനെ എതിര്‍ത്തെങ്കിലും സുപ്രിംകോടതി അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായി വിധിയെഴുതി. അന്നു ഭരണകൂടം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ പിന്നീട് ജനതാ ഭരണകാലത്ത് ചോദ്യം ചെയ്തപ്പോള്‍ പഴയ നിലപാട് മാറ്റി മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടെടുത്തു. 80കളില്‍ മൂല്യശോഷണഘട്ടത്തില്‍ സോഷ്യലിസ്റ്റ് പരിവേഷമുള്ള തൊഴിലാളിയനുകൂല വിധികള്‍ പുറപ്പെടുവിച്ചു. 90കളിലെ 'മന്‍മോഹനോമിക്‌സ്' കാലത്ത് കോടതികള്‍ ആഗോളവല്‍ക്കരണത്തിന് അനുകൂലമായി. മോദി ഭരണകാലത്ത് അതിന്റെ രാഷ്ട്രീയം തിരിച്ചറിയുന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഐഒസി പദ്ധതിയനുകൂല വിധി പുറപ്പെടുവിച്ചിരിക്കുകയാണ്.
ഭരണകൂടത്തെയും കോടതിയെയും കണ്ടീഷന്‍ ചെയ്യാന്‍ പ്രാപ്തമായ ആഗോളവല്‍ക്കരണ ശക്തികള്‍ പുതിയ കാലത്ത് പ്രബലമാണ്. വന്‍കിട കോര്‍പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഓക്‌സ്ഫാം, മോണ്‍സാന്റോ തുടങ്ങിയ എന്‍ജിഒകള്‍ പാര്‍ലമെന്റേറിയന്മാരെയും ജഡ്ജിമാരെയും ബ്രീഫ് ചെയ്യുന്നു. ഇന്റര്‍നാഷനല്‍ ജൂറിസ്റ്റ്‌സ് കോണ്‍ഫറന്‍സുകളില്‍ നമ്മുടെ ജഡ്ജിമാര്‍ ആഗോളശിക്ഷണം നേടുന്നു. കോടതികള്‍ ഭരണകൂടത്തിന്റെ ഭാഗമെന്ന നിലയില്‍ നിന്ന് ആഗോള മുതലാളിത്തവുമായി സന്ധിചെയ്യുന്ന ഇടനിലക്കാരായി മാറിയെന്ന് യശശ്ശരീരനായ മുകുന്ദന്‍ സി മേനോന്‍ നിരീക്ഷിച്ചിട്ടുണ്ട്. വല്ലപ്പോഴും ഭരണകൂടത്തിന് ഉപരിയാണ് കോടതി എന്ന വ്യാജപ്രതീതി വൃഥാ സൃഷ്ടിക്കാന്‍ ഒരെതിര്‍/ബദല്‍/ജനപ്രിയ വിധിയെഴുതാന്‍ കോടതികള്‍ ബദ്ധശ്രദ്ധരായിപ്പോരുന്നു.
സര്‍ദാര്‍ സരോവര്‍ പദ്ധതിയെ പ്രകീര്‍ത്തിച്ച കോടതിയാണ്, ബാല്‍കോ സ്വകാര്യവല്‍ക്കരണത്തിന് എതിരായ കേസില്‍ സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത ട്രേഡ് യൂനിയന്റെ നടപടി പൊതുതാല്‍പര്യമല്ലെന്നു നിരീക്ഷിച്ച കോടതിയാണ്, ജൈനമത ന്യൂനപക്ഷാവകാശ കേസില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ അന്തരം തെറ്റാണെന്നു തീരുമാനിച്ച കോടതിയാണ്, പെപ്‌സിക്കും കൊക്കകോലയ്ക്കും പ്ലാച്ചിമട കേസില്‍ അനുകൂലമായി വിധിയെഴുതിയ കോടതിയാണ്, ഭോപാലിലെ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ പഴന്തുണിത്തൊട്ടിലുകളെ ശവമഞ്ചങ്ങളാക്കി മാറ്റിയ യൂനിയന്‍ കാര്‍ബൈഡിനെതിരേ എഴുതിയ വിധി 33 വര്‍ഷമായി നടപ്പാക്കാനാവാത്ത കോടതിയാണ്, സൈലന്റ്‌വാലി പദ്ധതി നടപ്പാക്കണമെന്നു പറഞ്ഞ കോടതിയാണ്, കൂടംകുളം ആണവനിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയ കോടതിയാണ് ഇപ്പോള്‍ വൈപ്പിന്‍കരക്കാരെ വെല്ലുവിളിക്കുന്നത്. പക്ഷേ, പോരാട്ടവീര്യമുള്ള പുതുവൈപ്പ് നിവാസികള്‍ രാഷ്ട്രീയേതരമായ ജനകീയ ചെറുത്തുനില്‍പ്പില്‍ ഉറച്ചുനില്‍ക്കുക തന്നെയാണ്.
കേസ് തോറ്റെങ്കിലും നിലപാട് വിജയിച്ചതാണ് സൈലന്റ്‌വാലിയുടെ കാര്യത്തില്‍ സംഭവിച്ചത്. 1980 ജനുവരി രണ്ടിനാണ് കേരള ഹൈക്കോടതി സൈലന്റ്‌വാലി കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയില്‍ കേസ് തള്ളി വിധി പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയമായിരുന്നു അത്. ഹൈക്കോടതി സൈലന്റ്‌വാലി കേസ് തള്ളുന്ന ദിവസം, 24 മണിക്കൂറിനകം പദ്ധതിപ്രദേശം വെട്ടിവെളുപ്പിച്ച് പാത്രക്കടവില്‍ അണകെട്ടാനായിരുന്നു വൈദ്യുതി വകുപ്പിന്റെ നിഗൂഢ പദ്ധതി. അതിനു തടയിടാനായ പരിസ്ഥിതിവാദികളുടെ നാടാണ് കേരളം. പിന്നീട് 1984 നവംബര്‍ 15ന് സൈലന്റ്‌വാലി കേന്ദ്ര സര്‍ക്കാര്‍ നാഷനല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. കോടതി വിധി വെറും പാഴ്‌വാക്കുകളായിപ്പോയി.
ദേശീയ ഹരിത ട്രൈബ്യൂണലും പരിസ്ഥിതി നിയമങ്ങളും ഇന്ത്യയിലുണ്ടാക്കിയിട്ടുള്ള സ്വാധീനം നിസ്സാരമല്ല. 1970ലെ സ്റ്റോക്‌ഹോം പ്രഖ്യാപനത്തെ തുടര്‍ന്നാണ് ആഗോളവ്യാപകമായി പരിസ്ഥിതി നിയമങ്ങള്‍ നിയാമകങ്ങളായത്. ഏറ്റവുമധികം സുപ്രധാന പൊതുതാല്‍പര്യ വ്യവഹാരങ്ങള്‍ വരുന്ന നിയമശാഖയാണത്. ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ യമുനാതീരത്ത് നടത്തിയ വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ സംഭവിച്ച പരിസ്ഥിതി നശീകരണത്തിന് സര്‍ക്കാര്‍ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കിലും ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ചു കോടി പിഴ വിധിച്ചിരുന്നു. ശ്രീ ശ്രീയെപ്പോലൊരാള്‍ക്ക് മോദിപ്രഭാവകാലത്ത് മറ്റാര്‍ക്കാണ് പിഴ വിധിക്കാനാവുക? എതിര്‍ക്കുന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന ഒറ്റ പരാമര്‍ശത്തിലൂടെ പുതുവൈപ്പുകാരുടെ മേല്‍ എല്‍എന്‍ജി ടെര്‍മിനല്‍ കെട്ടിവയ്ക്കാമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കരുതുന്നതെങ്കില്‍ അത് പ്രതികരണശേഷിയുള്ള വൈപ്പിനിലെ ജനങ്ങള്‍ വെല്ലുവിളിയായി തന്നെ ഏറ്റെടുക്കുമെന്നാണ് വിധിയോടുള്ള ആദ്യ പ്രതികരണങ്ങള്‍ നല്‍കുന്ന വ്യക്തസൂചന.                                                        ി
Next Story

RELATED STORIES

Share it