ആഗോളതാപനം: പാരിസ് ഉടമ്പടി യാഥാര്‍ഥ്യമായി കരാര്‍ വഴിത്തിരിവ്; ഒബാമ

പാരിസ്: ആഗോളതാപനവും തന്‍മൂലമുള്ള കാലാവസ്ഥാ വ്യതിയാനവും പിടിച്ചുനിര്‍ത്തുന്നതിനുള്ള ചരിത്രപ്രധാനമായ കാലാവസ്ഥാ ഉടമ്പടിയിലൂടെ നാം ജീവിക്കുന്ന ഗ്രഹത്തെ രക്ഷിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ലോകത്തിന്റെ ഭാവിക്കായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കാനുള്ള വഴിത്തിരിവാണ് കരാറെന്നും അദ്ദേഹം പറഞ്ഞു.
ലോകം ഒന്നിച്ചുനിന്നാല്‍ പലതും സാധ്യമാണെന്നു തെളിയിക്കുന്നതാണ് ഉടമ്പടിയെന്നും ഒബാമ ചൂണ്ടിക്കാട്ടി. ഭൂമിയുടെ നിലനില്‍പിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന മലിനീകരണത്തോത് കുറയ്ക്കാന്‍ പര്യാപ്തമാണ് ഈ ഉടമ്പടി. ഘട്ടങ്ങളായി ഈ ഉടമ്പടി നടപ്പാക്കുന്നതിലൂടെ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാവും. നേരത്തേ, 195 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആരവത്തോടെയും കൈയടിയോടെയുമാണ് ഫ്രഞ്ച് വിദേശ കാര്യമന്ത്രി ലൊറാന്‍ത് ഫാബിയസ് അവതരിപ്പിച്ച കരടുരേഖ സ്വീകരിച്ചത്.
പുറന്തള്ളുന്ന ഹരിതഗൃഹവാതകവും ആഗിരണം ചെയ്യപ്പെടുന്നതുമായി ഒരു സന്തുലനാവസ്ഥ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ സാധ്യമാക്കല്‍, ഭൗമതാപനിലയിലെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ അധികമാവാതിരിക്കാന്‍ നടപടി സ്വീകരിക്കല്‍, ക്രമേണ അത് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തല്‍ തുടങ്ങിയവ കരാറിലെ മുഖ്യ വ്യവസ്ഥകളാണ്.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യല്‍, ഉടമ്പടി ഒപ്പുവച്ച രാജ്യങ്ങളെല്ലാം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കല്‍, കാലാവസ്ഥാമാറ്റം നേരിടാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് 2020ഓടെ ഓരോ വര്‍ഷവും 10,000 കോടി ഡോളര്‍ സഹായം നല്‍കല്‍ തുടങ്ങിയവയും കരാറില്‍ ഉള്‍പ്പെടും. 2020 മുതല്‍ കരാര്‍ പൂര്‍ണതോതില്‍ പ്രാബല്യത്തില്‍ വരും. കാലാവസ്ഥാ മാറ്റംമൂലമുണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങളില്‍ പെടുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനു സമ്പന്ന രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ടാവണമെന്ന വ്യവസ്ഥ യുഎസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ദുര്‍ബലമായി.
ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങള്‍ ഉന്നയിച്ച പല ആശയങ്ങളും അംഗീകരിച്ചെങ്കിലും ഇത്തരം പ്രസക്തമായ കാര്യങ്ങളെ അവഗണിച്ചാണ് അന്തിമ കരാര്‍ പുറത്തുവന്നത്.
Next Story

RELATED STORIES

Share it