ആഗോളതാപനം: ജീവജാലങ്ങള്‍ക്ക് കൂട്ടമരണമെന്ന് പഠനം

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാവുന്ന ആഗോളതാപനം ജീവജാലങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനു കാരണമാവുന്നതായി പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കേരളത്തിലടക്കം സമീപകാലത്തായി ചിലയിനം പക്ഷികളും മല്‍സ്യങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങുന്ന പ്രതിഭാസം ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ചൂട് താങ്ങാനാവാതെ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ കറവപ്പശുവും എറണാകുളം കളമശ്ശേരിയില്‍ പശുക്കുട്ടിയും ചത്തിരുന്നു. കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ച് 2014ല്‍ 2,60,000 താറാവുകള്‍ ചത്തിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ജൈവിക മാറ്റമാണ് പക്ഷിപ്പനിയുടെ വൈറസ് അതിവേഗം പടരാന്‍ ഇടയാക്കിയതെന്ന് ശാസ്ത്രീയ നിഗമനങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് കുളമ്പുരോഗം നിയന്ത്രണ വിധേയമാക്കുന്നതിനും രോഗാണുക്കളുടെ ജൈവമാറ്റം തടസ്സമാവുന്നുണ്ട്.
കുളമ്പുരോഗം മൂലം പ്രതിവര്‍ഷം രാജ്യത്തിന് 20,000 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. കഴിഞ്ഞ ജനുവരി ആദ്യം ചെന്നൈ ബസന്ത് നഗര്‍ കടലോരത്ത് ആയിരക്കണക്കിനു മല്‍സ്യങ്ങള്‍ ചത്തു പൊങ്ങിയതും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണെന്ന് ഗവേഷകര്‍ പറയുന്നു. മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പഠനത്തില്‍ യഥാര്‍ഥ മരണകാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ജനുവരി 10ന് ഡല്‍ഹിയിലെ സുല്‍ത്താന്‍പൂര്‍ നാഷനല്‍ പാര്‍ക്കില്‍ 45 പക്ഷികള്‍ ചത്തത്. പക്ഷിപ്പനിയാണ് മരണകാരണമെന്ന നിഗമനത്തിലെത്തിയെങ്കിലും രോഗാണുക്കളെ കണ്ടെത്താനായില്ല. തുടര്‍ന്നു നടത്തിയ ഗവേഷണത്തിലാണ് സമാന കേസുകള്‍ ലോകത്തിന്റെ പലയിടങ്ങളിലും റിപോര്‍ട്ട് ചെയ്തിട്ടുള്ളതായി കണ്ടെത്തിയത്.
ഈ പ്രതിഭാസം മൂലം വിവിധ ജീവി വര്‍ഗങ്ങളിലെ 90 ശതമാനവും ചത്തൊടുങ്ങുന്നതായും ഗവേഷകര്‍ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം മൂലം പടര്‍ന്നുപിടിക്കുന്ന രോഗങ്ങളും പരിസ്ഥിതി മലിനീകരണവുമാണ് ജീവിവര്‍ഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് ഇടയാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. തുടര്‍ന്നു നടത്തിയ ഗവേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ജീവശാസ്ത്രജ്ഞ ര്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ 727 ജീവിവര്‍ഗങ്ങള്‍ ഇത്തരത്തില്‍ ചത്തൊടുങ്ങിയതായി അമേരിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പാരിസ്ഥിതിക മലിനീകരണം കൂടുതലുള്ള വികസിത രാജ്യങ്ങളിലാണ് ഇവയില്‍ കൂടുതലും റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കടലോരങ്ങളിലും വെള്ളക്കെട്ടിലും ജീവിക്കുന്ന പക്ഷികളും കടല്‍മല്‍സ്യങ്ങളുമാണ് ഇത്തരത്തില്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ഇതില്‍ 24.7 ശതമാനം ജീവജാലങ്ങളും ചത്തൊടുങ്ങിയത് കാലാവസ്ഥാ വ്യതിയാനം മൂലമായിരുന്നു. ചൂട് കൂടുന്നതും ഓക്‌സിജന്റെ കുറവുമെല്ലാം ഇതിനു കാരണമായി. ലോകത്തിന്റെ വിവിധിയടങ്ങില്‍ ഇത്തരം സംഭവവികാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ കൂടുതല്‍ കാര്യക്ഷമമായ പഠനത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. ഇത്തരം ജീവിവര്‍ഗങ്ങളില്‍ നിരന്തരമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി കാലഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷക സംഘം പറഞ്ഞു.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ചിലയിനം കീടാണുക്കള്‍ പെരുകുന്നതിനു കാരണമാവുന്നുണ്ട്. ഇതുമൂലം വ്യാപകമായ കൃഷിനാശമാണ് അടുത്തകാലത്തായി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലും ഇത്തരം പ്രതിഭാസം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.
Next Story

RELATED STORIES

Share it