ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍  ചവിട്ടിമെതിക്കപ്പെടുന്നു: ആംനസ്റ്റി

ലണ്ടന്‍: ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയുടെ വാര്‍ഷിക റിപോര്‍ട്ട്. മനുഷ്യാവകാശ സംരക്ഷണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറെ പിറകോട്ട് പോയതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

സിറിയ, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധക്കുറ്റങ്ങളടക്കമുള്ള പ്രശ്‌നങ്ങളോട് ലോകം പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കപ്പെടുമ്പോള്‍ അടിസ്ഥാന അവകാശങ്ങള്‍ പോലും ചവിട്ടിമെതിക്കപ്പെടുകയാണെന്നും ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നതിനുള്ള ശക്തി ലോകവ്യവസ്ഥയ്ക്കില്ലാതെ പോയിരിക്കുകയാണെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
വിയോജിക്കുന്നവര്‍ക്കെതിരേ അന്യായമായി ശക്തി പ്രയോഗിക്കുന്നതിനെയും കോടതിക്ക് പുറത്തുനടക്കുന്ന വധശിക്ഷകളെയും തട്ടിക്കൊണ്ടുപോവലുകളെയും കുറിച്ചും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംരക്ഷണം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ആംനസ്റ്റി ജനറല്‍ സെക്രട്ടറി സലീല്‍ ഷെട്ടി പറഞ്ഞു.
ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്ന നിരവധി അവസരങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ലോകം സാക്ഷിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാന്‍, ലിബിയ, പാകിസ്താന്‍, യമന്‍ എന്നിവ ഇപ്പോഴും ആഭ്യന്തര സംഘര്‍ഷത്തിന്റെ പിടിയിലാണെന്നും
ആഫ്രിക്കന്‍ രാജ്യങ്ങളായ ബുറൂണ്ടി, കാമറൂണ്‍, മധ്യാഫ്രിക്ക, നൈജീരിയ, സോമാലിയ, ദക്ഷിണ സുദാന്‍ എന്നിവിടങ്ങളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതായും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it