kozhikode local

ആക്ഷന്‍ കമ്മിറ്റി രംഗത്ത് കോളജില്‍ അടിയന്തരമായി സമാധാനയോഗം വിളിക്കണമെന്ന് ആവശ്യം

വടകര: മടപ്പള്ളി ഗവ. കോളജില്‍ എസ്എഫ്‌ഐ നിലപാട് കോളജിനെ കലാപഭൂമിയാക്കി മാറ്റുകയാണെന്നും, അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പാള്‍ അടിയന്തിരമായി സമാധാന യോഗം വിളിച്ച് കലാലയത്തില്‍ സമാധാനന്തരീക്ഷം തീര്‍ക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് കോളജില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും തിരഞ്ഞെടുപ്പില്‍ പോലും മത്സരം അനുവദിക്കാതെ ഏകാധിപത്യ കാമ്പസായി മാറ്റി നിര്‍ത്തുകയാണ്.
കഴിഞ്ഞ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എതിരെ മല്‍സരിച്ച സ്ഥാനാര്‍ത്ഥികളെയും ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെയും കാമ്പസില്‍ തിരഞ്ഞ് പിടിച്ച് അക്രമിക്കുകയാണ് ചെയ്യുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലാ കലക്ടറുടെയും റൂറല്‍ എസ്പിയുടെയും സാന്നിധ്യത്തില്‍ അടിയന്തിരമായി സമാധാന യോഗം വിളിച്ച് ചേര്‍ക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറാവണം. അല്ലാത്തപക്ഷം കോളജ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആക്ഷന്‍ കമ്മിറ്റി അനുവദിക്കില്ലെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്നും പ്രിന്‍സിപ്പാള്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചില്ലെങ്കില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോളജ് ഉപരോധിക്കുമെന്നും ഒക്‌ബോബര്‍ 3ന് കാലത്ത് 10 മുതല്‍ വൈകീട്ട് 4 വരെ സാംസ്‌കാരിക, രാഷ്ട്രീയ നേതൃത്വങ്ങളുടെ പങ്കാളിത്തത്തോടെ മടപ്പള്ളിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിയാക്കപ്പെട്ടവരെ കോളജില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കാതെ സംഭവം ലഘൂകരിക്കാനാണ് പ്രിന്‍സിപ്പാള്‍ ശ്രമിക്കുന്നത്. കഴിവില്ലാത്ത പ്രിന്‍സിപ്പാളാണ് ഈ സ്ഥാപനത്തിനെ മുന്നോട്ട് കൊണ്ടു പോകുന്നത്. കോളജിലെ ചില അധ്യാപകര്‍ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഇതിനെ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി നേരിടും. കോളജ് അധികാരികള്‍ അധികാരികള്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ കലാലയ അന്തരീക്ഷം സുഖമമാക്കാന്‍ എക്കാലവും ഈ കമ്മിറ്റി നിലനില്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കോളജ് യൂനിയന്‍ ഓഫിസ് എസ്എഫ്‌ഐയുടെ ആയുധപ്പുരയാക്കി മാറ്റിയിരിക്കുകയാണ്. വൈകീട്ട് 4 മണിക്ക് കോളജ് വിട്ടുകഴിഞ്ഞാല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാത്രി കാലങ്ങളില്‍ ആയുധ ശേഖരങ്ങള്‍ക്കായി ഇവിടെ ആളുകള്‍ എത്തിച്ചേരുന്നതായും ഇതിനെതിരെ നടപടി സ്വീകരിക്കാത്ത പ്രിന്‍സിപ്പാള്‍ നാടിന് അപമാനകരമാണെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കോട്ടയില്‍ രാധാകൃഷ്ണന്‍, കെ ചന്ദ്രന്‍, മടപ്പള്ളി ശ്രീധരന്‍, സികെ പത്മനാഭന്‍, കെ കലാജിത്ത്, അഡ്വ. ബൈജു രാഘവന്‍, ഫസല്‍ തങ്ങള്‍, അനില്‍ കക്കാട്ട്, അഷ്‌റഫ് മാസ്റ്റര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it