Flash News

'ആക്രോശിച്ച്' രാഹുല്‍ - മോദി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നു

ആക്രോശിച്ച് രാഹുല്‍ - മോദി പൊള്ളയായ  വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നു
X


ന്യൂഡല്‍ഹി:  നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുല്‍ ആരോപിച്ചു. 2019ല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതില്‍ സത്യത്തിന്റെ അംശം ഉണ്ടോയെന്നു അന്വേഷിക്കേണ്ട ഗതികേടിലാണ് രാജ്യത്തെ ജനങ്ങളെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.
അഴിമതി കേസില്‍ ജയിലില്‍ പോയ യെദ്യൂരപ്പയെ അടുത്ത് ഇരുത്തിയാണ് മോദി അഴിമതിയെക്കുറിച്ച് വാചകമടിക്കുന്നത്. രാജ്യത്ത് സ്ത്രീകളും കുട്ടികളും പീഡനത്തിന് ഇരയാകുമ്പോഴും പ്രധാനമന്ത്രിക്കു മൗനമാണ്. നീരവ് മോദിയെ പോലുള്ള വന്‍ വ്യവസായികള്‍ പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. ചൈന അതിര്‍ത്തിയില്‍ കടന്നു കയറ്റം തുടരുമ്പോഴാണ്  അജണ്ട ഇല്ലാതെ  ചര്‍ച്ചക്ക് പ്രധാനമന്ത്രി ചൈനയില്‍ പോയതെന്നും രാഹുല്‍ പറഞ്ഞു.
2014ലെ ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മോദി അസത്യ പ്രചരണം നടത്തി. എന്നാല്‍ സത്യം ഇപ്പോള്‍  മറ നീക്കി പുറത്ത് വരികയാണ്.  കര്‍ണാടകയിലും മധ്യ പ്രദേശ്, രാജസ്ഥാന്‍,ഛത്തീസ്ഗഡ്  തിരഞ്ഞെടുപ്പുകളിലും ഇനി വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയിക്കും. 2019ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് താന്‍ വ്യക്തിപരമായി മോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അക്കാര്യത്തില്‍ അദ്ദേഹം ഇപ്പോഴും മൗനത്തിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതെ രാജ്യത്തെ കര്‍ഷകര്‍ക്ക് ജീവിക്കാനാവില്ല. കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്ന നരേന്ദ്ര മോദിയുടെ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ല. രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കണമെന്ന് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയോട് വിദേശത്ത് നിന്ന് ആവശ്യപ്പെടുന്ന സാഹചര്യം ആദ്യമായി ഉണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ്എസ്സും ബിജെപിയും വെറുപ്പും ഭയവുമാണ് പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ്സിനെ കുറിച്ച് നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് പറയുന്ന മോദി, കഴിഞ്ഞ 60 മാസം കൊണ്ട് രാജ്യത്തിന്റെ അസംഘടിത മേഖലയെ പൂര്‍ണമായും തകര്‍ത്തു. ചൈനയ്ക്ക് മുന്നില്‍ ശക്തമായ ഒരു നിലപാട് എടുക്കാന്‍ അദ്ദേഹത്തിനായില്ല. യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിന് പകരം അവരുടെ ഉണ്ടായിരുന്ന ജോലികൂടി നഷ്ടപ്പെടുത്തി. രാജ്യത്തിന്റെ അടിത്തറ പരിപാലിച്ച വെള്ളം പോലെയാണ് കോണ്‍ഗ്രസ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപിയില്‍ അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും മാത്രമാണ് ചിന്തിക്കാന്‍ അവകാശമുള്ളത്്്. എന്നാല്‍, കോണ്‍ഗ്രസ്സില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ആശയങ്ങളും ചിന്തകളും പങ്കുവെക്കാനും അവകാശമുണ്ടെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it