ആക്രമണ ഭീഷണി: ഗുജറാത്തിലും മെട്രോ നഗരങ്ങളിലും ജാഗ്രത

ന്യൂഡല്‍ഹി: പശ്ചിമ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ആക്രമണം നടത്തുന്നതിന് പാകിസ്താനില്‍നിന്ന് 10 അംഗ സംഘം എത്തിയെന്ന കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലും മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി.
ഗുജറാത്തില്‍ പോലിസ് ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കി. 200 അംഗ കേന്ദ്ര സുരക്ഷാസേനയെ ഡല്‍ഹിയില്‍നിന്ന് അഹ്മദാബാദിലേക്കയച്ചു. വ്യവസായമേഖലകളിലും ആരാധനാലയങ്ങളിലും സുരക്ഷ ശക്തമാക്കി. ശിവരാത്രിയോടനുബന്ധിച്ച് സോമനാഥ്, അക്ഷര്‍ധാം ക്ഷേത്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ സേനയെ വിന്യസിച്ചു. സംസ്ഥാനത്തുടനീളം ജാഗ്രതാനിര്‍ദേശം നല്‍കിയതായി ഗുജറാത്ത് ഡിജിപി പി സി ഠാക്കൂര്‍ പറഞ്ഞു. ആഭ്യന്തര സെക്രട്ടറി പി കെ തനേജയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെയും ഉന്നതതല യോഗം ചേര്‍ന്നു.
24 മണിക്കൂറിനുള്ളില്‍ ബോസ് അന്താരാഷ്ട്ര വിമാനത്താവളം കത്തിക്കുമെന്ന ഇ-മെയില്‍ സന്ദേശത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലും സുരക്ഷ ശക്തിപ്പെടുത്തി. ലഗേജുകളും യാത്രക്കാരുടെ വാഹനങ്ങളും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.
വിമാനത്താവളത്തിലെ സൈബര്‍സംഘം അന്വേഷണം ഏറ്റെടുത്തു. അക്രമികള്‍ കടല്‍വഴിയാണ് ഗുജറാത്തില്‍ എത്തിയതെന്നാണ് രഹസ്യാന്വേഷണ റിപോര്‍ട്ട്. വെള്ളിയാഴ്ച ഒരു പാകിസ്താന്‍ മല്‍സ്യബന്ധന ബോട്ട് ബിഎസ്എഫ് പിടികൂടിയിരുന്നെങ്കിലും സേന എത്തുന്നതിനു മുമ്പേ ജീവനക്കാര്‍ രക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it