Flash News

ആക്രമണത്തെ അപലപിച്ച് ലോക നേതാക്കള്‍ ; ഫ്രാന്‍സ് ബ്രിട്ടനോടൊപ്പമുണ്ടാവും : മാക്രോണ്‍



ലണ്ടന്‍: ശനിയാഴ്ച ലണ്ടനില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 30ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സായുധാക്രമണത്തെ അപലപിച്ച് ലോക നേതാക്കള്‍. ഫ്രഞ്ച്് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ബ്രിട്ടന് ഐക്യദാര്‍ഢ്യവുമായി ആദ്യമെത്തിയത്. ഈ ദുരന്തത്തില്‍ ഫ്രാന്‍സ് ബ്രിട്ടനോടൊപ്പമുണ്ടാവുമെന്നും ഇരകളെക്കുറിച്ചും അവരുടെ ജീവിതപങ്കാളികളെ ക്കുറിച്ചുമാണ് താന്‍ ഈ അവസരത്തില്‍ ചിന്തിക്കുന്നതെന്നും മാക്രോണ്‍ പ്രതികരിച്ചു. ആക്രമണത്തില്‍ നാലു ഫ്രഞ്ച് പൗരന്‍മാര്‍ക്കു പരിക്കേറ്റിരുന്നു. തന്റെ പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവും ബ്രിട്ടിഷ് ജനതയ്‌ക്കൊപ്പമുണ്ടാവുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബല്‍ അറിയിച്ചു. സംഭവത്തില്‍ ഒരു ആസ്‌ത്രേലിയന്‍ പൗരന് പരിക്കേറ്റിട്ടുണ്ടെന്നും ഒരാള്‍ അപകടത്തില്‍നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. ഈ ആക്രമണത്തിനെതിരേ അതിരുകളില്ലാതെ തങ്ങള്‍ ഒന്നിക്കുന്നുവെന്നും ബ്രിട്ടന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നുവെന്നം ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍ പറഞ്ഞു. ഭീകരവാദത്തിനെതിരേ ബ്രിട്ടന്റെ എല്ലാ നീക്കങ്ങള്‍ക്കുമൊപ്പം ഉറച്ചുനില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതായി സ്പാനിഷ് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. സംഭവത്തെ ആശങ്കയോടെയാണ് കാണുന്നതെന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡേ ജന്‍കര്‍ പറഞ്ഞു. സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നതായും അപലപിക്കുന്നതായും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അറിയിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡെ, ന്യൂസിലന്റ് പ്രധാനമന്ത്രി ബില്‍ ഇംഗ്ലീഷ് തുടങ്ങിയവരും ആക്രമണത്തെ അപലപിച്ചു.  സംഭവം ഞെട്ടിക്കുന്നതും ക്രൂരവുമാണെന്ന് ബ്രിട്ടിഷ് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ പറഞ്ഞു. ജൂണ്‍ എട്ടിന് ഇവിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്.
Next Story

RELATED STORIES

Share it