Flash News

ആക്രമണത്തില്‍ നടുങ്ങി ലണ്ടന്‍



ലണ്ടന്‍: കനത്ത സുരക്ഷാ സന്നാഹങ്ങളെ ഭേദിച്ച് തുടരെത്തുടരെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ബ്രിട്ടന്‍. തുടരെയുണ്ടാവുന്ന ആക്രമണങ്ങള്‍ ലോകത്തിലെ സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയിലേക്കാണ് ഈ മഹാ നഗരത്തെ എടുത്തെറിയുന്നത്. കനത്ത കാവലിനിടയിലും തിരക്കേറിയ നഗരമധ്യത്തില്‍ നിഷ്പ്രയാസം ആക്രമണം നടത്താന്‍ സംഘത്തിനു കഴിഞ്ഞു.   നഗരസുരക്ഷയ്ക്ക് സൈന്യത്തെതന്നെ രംഗത്തിറക്കിയതിനു തൊട്ടു പിന്നാലെയാണ് ആറുപേരുടെ മരണത്തിനിടയാക്കിയ ആക്രമണമെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. മൂന്നു മാസത്തിനിടെയുണ്ടാവുന്ന മൂന്നാമത്തെ ആക്രമണത്തിനാണ് കഴിഞ്ഞ ദിവസം നഗരം സാക്ഷിയായത്. വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലായിരുന്നു ആദ്യ ആക്രമണം. നടപ്പാതയിലേക്ക് വാഹനം ഓടിച്ചുകയറ്റി നിരവധിപേരെ പരിക്കേല്‍പ്പിച്ച അക്രമി പിന്നീട് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. ഇയാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.രണ്ടാമത്തെ ആക്രമണം ഒരാഴ്ചമുമ്പ്് മാഞ്ചസ്റ്ററിലായിരുന്നു. യുഎസ് പോപ്പ് ഗായിക അരിയാനെ ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കിടെ മാഞ്ചസ്റ്റര്‍ അറീനയിലായിരുന്നു ആക്രമണം. ബോംബ് ഘടിപ്പിച്ചെത്തിയ തുണീസ്യന്‍ വംശജന്‍ ഷോ കഴിഞ്ഞ് പുറത്തേക്കു വരുന്നവരുടെ ഇടയില്‍ പൊട്ടിത്തെറിച്ചു.  22 പേര്‍ കൊല്ലപ്പെടുകയും അറുപതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ ആക്രമണത്തിന്റെ നടുക്കത്തില്‍നിന്നു രാജ്യം മോചിതമാവുന്നതിനു മുമ്പേയാണ് ലണ്ടന്‍ നഗരത്തില്‍ വീണ്ടും ആക്രമണം. മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും പ്രധാന ഓഫിസുകള്‍ക്കും ചരിത്ര സ്മാരകങ്ങള്‍ക്കും പാര്‍ലമെന്റിനും രാജ്ഞിയുടെ കൊട്ടാരത്തിനുമെല്ലാം ശക്തമായ കാവല്‍ ഏര്‍പ്പെടുത്താനും പോലിസിനൊപ്പം മൂവായിരത്തോളം പട്ടാളക്കാരെയും നിയോഗിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം. എഡ്ജ്ബാസ്റ്റണില്‍ ഇന്നു നടക്കുന്ന ഇന്ത്യാ-പാക് ക്രിക്കറ്റ് മല്‍സരത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും പതിവില്‍കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നു.
Next Story

RELATED STORIES

Share it