World

ആക്രമണം തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു

ദമസ്‌കസ്: സിറിയയിലെ കിഴക്കന്‍ ഗൂത്തയില്‍ ആക്രമണം തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മാറ്റാന്‍ പോലും സാധിക്കുന്നില്ലെന്നും അവര്‍ അറിയിച്ചു. കെട്ടിടങ്ങളുടെ ഭൂഗര്‍ഭ അറകളിലാണ് ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രദേശവാസികള്‍ അഭയം തേടുന്നത്. ആക്രമണങ്ങളില്‍ 10ലധികം ആശുപത്രികള്‍ തകര്‍ന്നതിനാല്‍ പരിക്കേറ്റവര്‍ക്കു ചികില്‍സ തേടാനും കഴിയുന്നില്ല. ആരോഗ്യരംഗത്തെ സന്നദ്ധ സംഘടനകളെയാണു പരിക്കേറ്റവര്‍ക്ക് ആശ്രയിക്കേണ്ടി വരുന്നത്.
ജെറ്റ് വിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുന്നതിന്റെ ശബ്ദം കേട്ടാണ് തങ്ങള്‍ ഉറക്കമുണരുന്നതെന്ന് ആക്രമണങ്ങള്‍ക്കു ദൃക്‌സാക്ഷിയായ ദൗമ സ്വദേശി അറിയിച്ചു. ആക്രമണം തുടരുന്ന ദൗമയടക്കമുള്ള മേഖലകളിലെ തെരുവുകള്‍ വിജനമാണ്.
യുദ്ധവിമാനങ്ങള്‍ ആകാശത്തുനിന്ന് ഒഴിയാത്തതിനാല്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം അറിയാന്‍പോലും സാധിക്കുന്നില്ലെന്നു സിറിയന്‍ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകനായ സിറാജ് മഹ്മൂദ് പറഞ്ഞു. ആംബുലന്‍സുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബോംബുകള്‍ പതിക്കുകയാണ്. പരിക്കേറ്റവരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണെന്നും മഹ്മൂദ് പറഞ്ഞു.
Next Story

RELATED STORIES

Share it