ആകാശ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ട്‌വിവാദമായപ്പോള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രയ്ക്കുള്ള പണം സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഇടാക്കിയ ഉത്തരവ് പിന്‍വലിച്ചു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ഉത്തരവ് പിന്‍വലിച്ചത്. ഫണ്ട് വകമാറ്റിയത് സംബന്ധിച്ച് അറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പിന്നാലെ സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് റവന്യൂമന്ത്രിയും പ്രതികരിച്ചു. വെബ്‌സൈറ്റില്‍നിന്നും മാധ്യമങ്ങളില്‍നിന്നുമാണ് അറിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെനിന്നു തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്ടര്‍ യാത്രയ്ക്ക് ചെലവായ എട്ട് ലക്ഷം രൂപയാണ് ഓഖി ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് അനുവദിച്ചത്. ഡിസംബര്‍ 26ന് തൃശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിക്ക് അന്ന് ഉച്ചതിരിഞ്ഞ് തലസ്ഥാനത്ത് രണ്ടു പരിപാടികളാണുണ്ടായിരുന്നത്. മൂന്ന് മണിക്ക് ഓഖി കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയും അതിനുശേഷം മന്ത്രിസഭായോഗവും. ഇതുകഴിഞ്ഞ് അന്ന് വൈകീട്ട് 4.30ന് അദ്ദേഹം പാര്‍ട്ടിസമ്മേളന വേദിയിലേക്ക് തിരിച്ചുപോയി. ഇതിനായി ഇരട്ട എന്‍ജിനുള്ള ഹെലികോപ്ടറിന്റെ വാടകയായി ചെലവായത് എട്ട് ലക്ഷം രൂപ. കഴിഞ്ഞ ആറിന് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എം കുര്യന്‍ ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണ മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കമുള്ള യാത്രാ ചെലവുകള്‍ പൊതുഭരണ വകുപ്പില്‍ നിന്നാണ് നല്‍കുന്നത്. പാര്‍ട്ടി സമ്മേളന പരിപാടിക്കിടെ പെട്ടെന്ന് തലസ്ഥാനത്തെ പരിപാടികളില്‍ പങ്കെടുത്ത് തിരികെയെത്തുന്നതിനു വേണ്ടിയാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചതെങ്കിലും ഓഖി കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് യാത്രയെന്ന കാരണം മാത്രമാണ് പണം അനുവദിക്കുന്നതിനായി ചൂണ്ടിക്കാട്ടിയത്. അതേസമയം, മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്കായി തുക വകമാറ്റി ചെലവഴിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ഥിക്കുന്ന മുഖ്യമന്ത്രി ദുരന്തനിവാരണത്തിനു മാറ്റിവയ്ക്കുന്ന തുകയില്‍ നിന്ന് സ്വന്തം യാത്രയ്ക്ക് പണമെടുക്കുന്നത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും  ഹസന്‍ പറഞ്ഞു. ദുരിത ബാധിതര്‍ക്കുവേണ്ടിയുള്ള പണം മുഖ്യമന്ത്രി ദുരുപയോഗം ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന നടപടിയാണിെതന്നും അദ്ദേഹം പരിഹസിച്ചു.
Next Story

RELATED STORIES

Share it