kannur local

ആകാശസ്വപ്‌നം ഇന്നു പറന്നിറങ്ങും

കണ്ണൂര്‍: കപ്പലടുക്കുന്ന അഴീക്കല്‍ തുറമുഖത്തിന് പുറമെ വിമാനത്താവളവും യാഥാര്‍ഥ്യമാവുമ്പോള്‍ കണ്ണൂരിന്റെ ആകാശം ഇനി പഴയതുപോലെയാവില്ല. ഇടയ്ക്കിടെ പറന്നുപോവുന്ന ഹെലികോപ്ടറുകള്‍ കണാന്‍ വീട്ടുമുറ്റത്ത് ഓടിയെത്തിയ കുട്ടികളുടെ(മുതിര്‍ന്നവരുടെയും) കൗതുകം ഇനി വിമാനം വന്നുപോയിക്കൊണ്ടിരിക്കുന്നതിലാവും. 2006 മുതല്‍ പറഞ്ഞുകേട്ട മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലെ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ കൂടി യാഥാര്‍ഥ്യമാവുമ്പോള്‍, വികസനപാതയില്‍ കണ്ണൂരിന് ഏറെ മുന്നേറാനാവും.
പരീക്ഷണപ്പറക്കലിലെ രാഷ്ട്രീയപ്പോര് മാറ്റിനിര്‍ത്തിയാല്‍ ഇന്നത്തെ ചടങ്ങ് കണ്ണൂരിന് മാത്രമല്ല, സംസ്ഥാനത്തിന് തന്നെ അഭിമാനിക്കാവുന്നതാണ്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളത്തിനു ശേഷം സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാവുന്ന മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരിലേത്. കൊച്ചുഭൂപ്രദേശമായ കേരളത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളം എന്നത് റെക്കോഡിലിടം പിടിച്ചേക്കാവുന്ന വസ്തുതയാണ്.
1892 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. രണ്ടു ഘട്ടങ്ങളിലായാണ് കണ്ണൂര്‍ വിമാനത്താവള വികസനം നടപ്പാക്കുന്നത്. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2016-17 മുതല്‍ 2025-26 വരെയും രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ 2026-27 മുതല്‍ 2045-46 വരെയുമാണ് ഉദ്ദേശിക്കുന്നത്. ഒന്നാംഘട്ടത്തില്‍ പ്രധാന റൂട്ടുകളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ, ഹോങ്‌കോങ്, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന എയര്‍ ക്രാഫ്റ്റുകള്‍ എത്തിച്ചേരാനുളള സൗകര്യമൊരുക്കും. വിവിധ കോണുകളില്‍ നിന്നു ഉയരുന്ന നിര്‍ദേശം പരിഗണിച്ച് ഒന്നാം ഘട്ടത്തില്‍ തന്നെ റണ്‍വേയുടെ നീളം 3400 മീറ്ററായി വര്‍ധിപ്പിക്കാന്‍ തിരുമാനിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പാസഞ്ചര്‍ ടെര്‍മിനലിന്റെ ശേഷി, ഏപ്രണ്‍, ഇതര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും, റണ്‍വേയുടെ ദൈര്‍ഘ്യം 4000 മീറ്ററാക്കി ഉയര്‍ത്തും. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാനുദ്ദേശിച്ച 2200 ഏക്കര്‍ ഭൂമിയില്‍ 1278.89 ഏക്കര്‍ ഭൂമി ഒന്നും രണ്ടും ഘട്ടങ്ങളിലായി ഏറ്റെടുക്കുകയുണ്ടായി.
മൂന്നാംഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി ഏറ്റെടുക്കാനുണ്ടായിരുന്ന 785 ഏക്കര്‍ ഭൂമിയില്‍ 612.12 ഏക്കര്‍ ഏറ്റെടുത്തുകഴിഞ്ഞു. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാണ്. റണ്‍വേ നിര്‍മാണത്തിനു വേണ്ടി അടിയന്തിരമായി 10.25 ഏക്കര്‍ ഭൂമി കിയാല്‍ നേരിട്ട് എറ്റെടുത്തു. എമര്‍ജന്‍സി റോഡിനുവേണ്ടി 40 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. റണ്‍വേയുടെ ദൈര്‍ഘ്യം 3050 മീറ്ററില്‍ നിന്നു 3400ഉം തുടര്‍ന്ന് 4000 മീറ്ററും ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനും സ്ഥലം ഏറ്റെടുക്കേണ്ടി വരും. 2010 ഡിസംബര്‍ 17ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. 2014 ഫെബ്രുവരി 2ന് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു.
ടെര്‍മിനല്‍ ബില്‍ഡിങിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിര്‍വഹിച്ചു. റണ്‍വേ, ടാക്‌സിവേ, ഏപ്രണ്‍ എന്നിവ ഉള്‍പ്പെടുന്ന ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 694 കോടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ടെക്‌നിക്കല്‍ ബില്‍ഡിങ്, ഇആന്റ്എം ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ 498.——70 കോടി രൂപയ്ക്കാണ് ലാര്‍സന്‍ ആന്റ് ട്രൂബ്രോ കമ്പനിക്ക് കരാര്‍ നല്‍കിയത്. ലിഫ്റ്റ്, എസ്‌കലേറ്റര്‍, ഫയര്‍ സ്‌റ്റേഷന്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it