Flash News

ആകാശവാണിയില്‍ പ്രതിഫലം മുടങ്ങിയിട്ട് ഒരുവര്‍ഷം

ആകാശവാണിയില്‍ പ്രതിഫലം മുടങ്ങിയിട്ട് ഒരുവര്‍ഷം
X


ഷാജി പാണ്ട്യാല

തലശ്ശേരി: ആകാശവാണി നിലയങ്ങളിലെ കലാകാരന്‍മാരുടെ പ്രതിഫലം മുടങ്ങിയിട്ട് ഒരുവര്‍ഷം. കേന്ദ്രസര്‍ക്കാരിന്റെ പ്രസാര്‍ ഭാരതിക്കു കീഴിലുള്ള ആകാശവാണി നിലയങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന ലക്ഷക്കണക്കിനു കലാകാരന്‍മാര്‍ക്കാണ് പ്രതിഫലം മുടങ്ങിയത്. 2016 ഒക്ടോബര്‍ വരെ, പരിപാടി അവതരിപ്പിച്ചാല്‍ ഉടനടി സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ മാറാവുന്ന ചെക്കുകള്‍ ആകാശവാണി നിലയങ്ങളില്‍ നിന്ന് നല്‍കുമായിരുന്നു. ഇപ്പോ ള്‍ ഇത് പൂര്‍ണമായും നിര്‍ത്തലാക്കി. പകരം ആധാര്‍ നമ്പറും എസ്ബിഐയുടെ അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും നല്‍കാനാണു നിര്‍ദേശം. തുടര്‍ന്ന് പ്രതിഫലം ഓണ്‍ലൈനായി അക്കൗണ്ടില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, പരിഷ്‌കാരം നടപ്പാക്കിയതോടെ പ്രതിഫലം മുടങ്ങിയെന്ന് കലാകാരന്‍മാര്‍ പറയുന്നു. ഡല്‍ഹിയിലെ ഡയറക്ടറേറ്റ് നടപ്പാക്കിയ പുതിയ പരിഷ്‌കാരമാണ് വിനയായത്. അതേസമയം, ശബ്ദപരിശോധനയുടെ പേരില്‍ കലാകാരന്‍മാരില്‍ നിന്നു ലക്ഷങ്ങളാണ് ആകാശവാണിക്ക് വരുമാനം ലഭിക്കുന്നത്. പരിപാടി അവതരിപ്പിക്കുന്നതിന് ആകാശവാണി നിലയത്തില്‍ നിന്നു ശബ്ദപരിശോധന നടത്താന്‍ മുമ്പ് 200 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു ഫീസ്. ഇപ്പോള്‍ ഇത് 1,000 രൂപ മുതല്‍ 5,000 രൂപ വരെയാണ്. പരിപാടി അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ക്ക് മൂന്ന് ഗ്രേഡുകള്‍ നല്‍കിയിട്ടുണ്ട്. എ ഗ്രേഡ് ലഭിക്കുന്നവര്‍ ടോപ് ആര്‍ട്ടിസ്റ്റായി മാറും. ഇവര്‍ക്ക് അഞ്ചുവര്‍ഷം പരിപാടി അവതരിപ്പിക്കാമായിരുന്നു. പുതിയ നിയമമനുസരിച്ച് മൂന്നു തവണ ശബ്ദ പരിശോധന നടത്തണം. മൂന്നു പരിശോധനയ്ക്കുമായി യഥാക്രമം 1000, 2000, 5000 എന്നിങ്ങനെയാണ് ഫീസ് വര്‍ധിപ്പിച്ചത്. പുതിയ പരിഷ്‌കാരവും കലാകാരന്‍മാര്‍ക്ക് വന്‍ തിരിച്ചടിയാണ്. രാജ്യത്തെ മുഴുവന്‍ നിലയങ്ങളിലുമായി ഈ ഇനത്തില്‍ മാത്രം കോടികളുടെ വരുമാനം കലാകാരന്‍മാരില്‍നിന്നു ലഭിക്കുന്നുണ്ട്. എന്നിട്ടും കലാകാരന്‍മാര്‍ക്ക് വേതനം തുച്ഛമാണ്. അതുതന്നെ ലഭിക്കുന്നുമില്ല. 40 വര്‍ഷം തുടര്‍ച്ചയായി പരിപാടി അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ വരെയുണ്ട്. ഇവര്‍ക്ക് പ്രമോഷന്‍ ഗ്രേഡ് നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ഇവര്‍ സ്ഥിരംതൊഴിലാളികളുടെ ഗണത്തില്‍പ്പെടില്ലെങ്കിലും സര്‍ക്കാര്‍ മറ്റു വകുപ്പുകളില്‍ നല്‍കുന്നതുപോലെ പ്രമോഷന്‍ സമ്പ്രദായം വേണമെന്നാണ് ആവശ്യം. മറ്റു മേഖലകളിലെ തൊഴിലാളി സംഘടനകളെപ്പോലെ സംഘടിക്കുമ്പോള്‍ പടിക്കുപുറത്താവുമെന്ന ആശങ്കയിലാണ് കലാകാരന്‍മാര്‍.
Next Story

RELATED STORIES

Share it