Kottayam Local

ആകാശപ്പാത നിര്‍മാണം: പ്രത്യേക യോഗം ചേരാന്‍ തീരുമാനം

കോട്ടയം: ജില്ലയില്‍ നഗരപ്രദേശത്ത് വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും ആകാശപ്പാതയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ജനുവരി ആറിന് കലക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ നേതൃത്വത്തില്‍ ചേരാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. നാട്ടകം മണിപ്പുഴ മേഖലയില്‍ കെഎസ്ടിപിയുടെ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി  സ്ഥലം വിട്ടു നല്‍കിയ പട്ടികവര്‍ഗത്തില്‍പെട്ട സ്ഥലമുടമയ്ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമൂലം പുനരധിവാസ നടപടികള്‍ തടസ്സപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും പട്ടികജാതി വികസന വകുപ്പ് മുഖേന പുനരധിവാസ നടപടികള്‍ അടിയന്തിരമായി ആരംഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. കോടിമത നാലുവരിപ്പാതയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ സമിതിയെ അറിയിച്ചു. നഗരത്തിലെ ഹൈ മാസ്റ്റ് ലൈറ്റുകള്‍ പലതും പ്രവര്‍ത്തനക്ഷമമല്ലെന്ന് കഴിഞ്ഞ യോഗത്തില്‍ കോട്ടയം നഗരസഭ അറിയിച്ചതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചതായും ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമായതായും കെഎസ്ഇബി അറിയിച്ചു. മുനിസിപ്പാലിറ്റിയിലെ സോളാര്‍ ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് കമ്പനിയെ ചുമതലപ്പെടുത്തിയതായും കെഎസ്ഇബി അറിയിച്ചു. മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നിട്ടും കരിമ്പുകയം ഷട്ടറുകള്‍ അടക്കുന്നതിന് നടപടി സ്വീകരിക്കാത്തത് എന്‍ ജയരാജ് എംഎല്‍എ സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി. കാഞ്ഞിരപ്പളളി പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. പൊന്‍കുന്നം  വാഴൂര്‍ റോഡില്‍ 20ാം  മൈലിന് സമീപം ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം അടുത്ത ആര്‍ടിഎ മീറ്റിങില്‍ പരിഗണിക്കും. കൊടുങ്ങല്ലൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണവും പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് നിര്‍മാണവും സംബന്ധിച്ച് കരാറുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കും.  ജില്ലയില്‍ മോഷണങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ പോലിസിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍ദേശിച്ചു. നൈറ്റ് പട്രോളിങിനൊപ്പം റസിഡന്‍സ് അസോസിയേഷനുകളുമായി ചേര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതായി ജില്ലാ പോലിസ് മേധാവിയുടെ പ്രതിനിധി അറിയിച്ചു. ചങ്ങനാശ്ശേരി പ്രദേശത്ത് സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം, പുകവലി എന്നിവ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചതായും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന 20 കുട്ടികള്‍ക്ക് ട്രാഡ എന്ന സ്ഥാപനവുമായി സഹകരിച്ച് സ്‌കൂളില്‍ കൗണ്‍സിലിങ് നല്‍കാന്‍ കഴിഞ്ഞ യോഗത്തിലെ തീരുമാനം വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കി വരുന്നു. വൈക്കം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി, ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it