kasaragod local

ആകാശപ്പറവകളെ തേടി സാബിക്കലിയും നൗഷാദ് ബാഖവിയും

അമ്പലത്തറ: കാരുണ്യത്തിന്റെയും ദയാവായ്പിന്റെയും സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും നല്ല ഇടയന്മാരെ തേടി പാണക്കാട്് സാബിക്കലി ശിഹാബ് തങ്ങളും മത പ്രഭാഷകന്‍ എ എം നൗഷാദ് ബാഖവിയും അമ്പലത്തറ സ്‌നേഹാലയത്തിലെ ആകാശപ്പറവകളെ സാന്ത്വനിപ്പിക്കാനെത്തി.
തെരുവില്‍ ഹോമിക്കപ്പെടുന്ന ജന്മങ്ങള്‍ക്ക് സ്‌നേഹവും കാരുണ്യവും ജീവിതവും പകുത്തു നല്‍കിയ ബ്രദര്‍ ഈശോദാസ് അടക്കമുള്ള സ്‌നേഹാലയ നടത്തിപ്പുകാരെ ഇരുവരും ആശ്ലേഷിച്ച് സ്‌നേഹം പങ്കിട്ടു.  ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ടതോടെ സ്വബോധം നഷ്ടപ്പെട്ട് വഴിയോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് എച്ചില്‍പാത്രങ്ങളിലെ ആഹാര അവശിഷ്ടങ്ങള്‍ക്കു വേണ്ടി തമ്മിലടിച്ച് നഗ്‌നരും അര്‍ദ്ധനഗ്‌നരുമായി അലഞ്ഞുതിരിഞ്ഞ രണ്ടായിരത്തില്‍പ്പരം തെരുവിന്റെ മക്കള്‍ക്ക് അഭയം നല്‍കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലായിരുന്നു ഈശോദാസും സഹപ്രവര്‍ത്തകരും.
എ എം നൗഷാദ് ബാഖവിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ചിറയിന്‍കീഴില്‍ സ്‌നേഹസാഗരം എന്ന പേരില്‍ അനാഥഅഗതി സംരക്ഷണ കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനു വേണ്ടി ചിറയിന്‍കീഴില്‍ തന്നെ ഒരേക്കര്‍ സ്ഥലത്ത് ഏതാണ്ട് 3 കോടി ചെലവില്‍ സ്വന്തം കെട്ടിടം പണിതുവരുന്നുണ്ട്. മുസ്താഖ് അഹമ്മദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്‌നേഹസാഗരത്തിന്റെ പ്രചാരണാര്‍ത്ഥം കാസര്‍കോട് ചെര്‍ക്കളയില്‍ രണ്ടു ദിവസം നീണ്ടു നിന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നൗഷാദ് ബാഖവിയും സാബിക്കലി തങ്ങളും ഇന്നലെ ഉച്ചയോടെ പാറപ്പള്ളി അമ്പലത്തറയിലുള്ള സ്‌നേഹാലയത്തിലെത്തിയത്.
നടത്തിപ്പുകാര്‍ ഇരുവരേയും സ്വീകരിച്ചു.
സ്‌നേഹസാഗര ഫൗണ്ടേഷന്‍ സെക്രട്ടറി സഫീര്‍ മന്നാനി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ ആറങ്ങാടി, സലിം ഹദ്ദാദ്, അമീര്‍ മസ്താന്‍, മഹമൂദ് പൂച്ചക്കാട്, മുസ്തഫ തായന്നൂര്‍, ശരീഫ് പാലക്കി, കെ കെ സിറാജ്, സാലിഹ് മുട്ടുന്തല, എല്‍ കെ ബഷീര്‍ ബളാല്‍, ഹസന്‍ പാറപ്പള്ളി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. (പടം-നൗഷാദ് ബാഖവി)
Next Story

RELATED STORIES

Share it