Flash News

ആകാശത്ത് പറന്നും കടല്‍താണ്ടിയും ആറളം ഫാം സ്‌കൂളിലെ കുട്ടികള്‍ ; അവസരമൊരുക്കിയത് ജില്ലാ കലക്ടറും ഭരണകൂടവും



കണ്ണൂര്‍: ആകാശത്ത് പറന്ന്്, കടല്‍താണ്ടി അവരെത്തിയത് ആവേശത്തോടൊപ്പം അറിവും അമൂല്യമായ അനുഭവങ്ങളുമായി. താഴെ ചെറുതായി പരന്നുകിടക്കുന്ന പച്ചപ്പാര്‍ന്ന ഭൂമിയും ഓളങ്ങള്‍ തിരയടിക്കുന്ന കടല്‍പ്പരപ്പും അവരില്‍ വരച്ചുവച്ചത് അത്യപൂര്‍വ വിസ്മയക്കാഴ്ചകള്‍. കണ്ടതൊക്കെയും സത്യമാണെന്നു വിശ്വസിക്കാന്‍പോലും പാടുപെട്ടെന്ന് കുട്ടികള്‍ പറയുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടും ഇല്ലായ്മ കൊണ്ടും പുറംലോകം കാണാതെ കാടിന്റെ ഇരുളകങ്ങളില്‍ കഴിഞ്ഞുകൂടിയ ആറളത്തെ കുട്ടികളുടെ ഈ അനുഭവം അവര്‍ക്ക് അപൂര്‍വ നേട്ടമാണ്. ആറളം ഫാം ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചതോടെയാണ് കുട്ടികളുടെ ആകാശയാത്രയ്്ക്ക് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയും ഭരണകൂടവും അവസരമൊരുക്കിയത്. കഴിഞ്ഞ 10നു രാവിലെ 10നാണ് എസ്എസ്എല്‍സി വിജയികളായ 26 കുട്ടികളും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ 12 പേരും നാല് ടീച്ചര്‍മാരും കലക്ടറേറ്റിലെ ജെഡിഎസ് സുനിലിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഉദ്യോഗസ്ഥരുമടക്കം കൊച്ചിയിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. രണ്ടുദിവസം വണ്ടര്‍ലാന്‍ഡും ലുലു മാളും മറൈന്‍ ബീച്ചും 16 കിലോമീറ്റര്‍ ദൂരത്തില്‍ കടലില്‍ ക്രൂയിസ് ഷിപ്പ് യാത്രയും നടത്തി.ഇതിനുശേഷമാണ്് എസ്എസ്എല്‍സിയില്‍ മുഴുവന്‍ പേരും വിജയിച്ചതിന്റെ ഉപഹാരം കൂടി നല്‍കാന്‍ ഭരണകൂടം ആലോചിച്ചത്. ജില്ലാ കലക്ടര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ലിമിറ്റഡുമായി ബന്ധപ്പെട്ട് അതിനുള്ള അവസരമൊരുക്കി. തിരിച്ചുള്ള യാത്ര ആകാശയാത്ര. അങ്ങനെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാവിലെ 9.30 ഓടെ വിമാനം കയറിയത്. 50 മിനിറ്റ് നേരത്തെ ആകാശയാത്രയ്ക്കു ശേഷം 10.30ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. അവിടെ നിന്നു സ്‌കൂള്‍ ബസ്സില്‍ കണ്ണൂരിലേക്ക്. 11ന് കൊച്ചിയിലെത്തിയ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയും ഇവരോടൊപ്പം വിമാനയാത്ര നടത്തി. വൈകീട്ട് നാലോടെ കണ്ണൂരിലെത്തിയ സംഘത്തിന് കലക്്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹൃദ്യമായ സ്വീകരണം ഒരുക്കി. എംപിമാരായ പി കെ ശ്രീമതിയും വി വി രാഗേഷും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ വി സുമേഷും ജില്ലാ കലക്ടറും ജീവനക്കാരും സംബന്ധിച്ചു. ഈ നേട്ടത്തിന് ചുക്കാന്‍പിടിച്ച ജില്ലാ കലക്ടറെ പ്രത്യേകം അഭിനന്ദിക്കാനും യോഗം മറന്നില്ല. കഴിഞ്ഞ വര്‍ഷം ജില്ലാ ഭരണകൂടം ആറളം ഫാം ഹൈസ്‌കൂളിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനായി നിരവധി പദ്ധതികളുമായി മുന്നോട്ടുവരുകയായിരുന്നു. ഇത്തരം പ്രോല്‍സാഹനങ്ങള്‍ നല്‍കി ആറളം മേഖലയിലെ കുട്ടികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുകയും അവര്‍ക്ക് അന്യമെന്നു തോന്നുന്നവ നേടിക്കൊടുത്ത് വളര്‍ത്തിക്കൊണ്ടുവരുകയുമാണു ലക്ഷ്യമെന്ന് യോഗത്തില്‍ സംസാരിച്ച എംപിമാരും ജില്ലാ കലക്ടറും പറഞ്ഞു.
Next Story

RELATED STORIES

Share it