Flash News

ആകാശത്തു വിമാനങ്ങള്‍ നേര്‍ക്കുനേര്‍; അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌

ന്യൂഡല്‍ഹി: ബംഗളൂരു വ്യോമപരിധിയില്‍ നിറയെ യാത്രക്കാരുമായി പറന്ന രണ്ട് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നു. കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാത്രി സംഭവം നടക്കുമ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെ 330 യാത്രക്കാരാണ് വിമാനങ്ങളില്‍ ഉണ്ടായിരുന്നത്. ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ലഭിച്ച അടിയന്തര മുന്നറിയിപ്പു സന്ദേശമാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ പൈലറ്റുമാരെ സഹായിച്ചത്.
കോയമ്പത്തൂര്‍-ഹൈദരാബാദ് 6ഇ 779, ബംഗളൂരു-കൊച്ചി 6ഇ 6505 ഇന്‍ഡിഗോ വിമാനങ്ങള്‍ വെറും 6.43 കിലോമീറ്ററോളം അകലത്തിലാണ് മുഖാമുഖം വന്നത്. ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ 162 പേരും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 166 പേരുമാണ് ഉണ്ടായിരുന്നത്.
കോയമ്പത്തൂര്‍-ഹൈദരാബാദ് വിമാനത്തോട് 36,000 അടി ഉയരത്തിലേക്കും ബംഗളൂരു-കൊച്ചി വിമാനത്തോട് 28,000 അടി ഉയരത്തിലേക്കും സഞ്ചാരപാത മാറ്റാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉത്തരവിട്ടു. ഇതനുസരിച്ചു പാത ക്രമീകരിക്കുന്നതിനിടെയാണ് അപകടം മുന്നില്‍ക്കണ്ടത്. ഹൈദരാബാദ് വിമാനം 27,300 അടിയിലും കൊച്ചി വിമാനം 27,500 അടിയിലും മുഖാമുഖം വന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം 200 അടി മാത്രമായിരുന്നു. പൈലറ്റുമാരുടെ മനസ്സാന്നിധ്യമാണ് അവസാന നിമിഷത്തില്‍ അപകടം ഒഴിവാക്കിയത്.
സംഭവത്തെ തുടര്‍ന്ന് രണ്ടു പൈലറ്റുമാര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് അറിയുന്നത്. സംഭവം ഇന്‍ഡിഗോ സ്ഥിരീകരിച്ചിട്ടുണ്ട്. ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തില്‍(ടിസിഎഎസ്) നിന്ന് ഇരുവിമാനങ്ങളിലെ കോക്പിറ്റിലും മുന്നറിയിപ്പെത്തിയതിനെ തുടര്‍ന്നു പൈലറ്റുമാര്‍ ഇടപെട്ട് കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു. 6.43 കിലോമീറ്റര്‍ വിമാനങ്ങള്‍ക്ക് സെക്കന്‍ഡുകള്‍ക്കുള്ളില്‍ എത്താവുന്ന ദൂരമാണ്. അതുകൊണ്ടുതന്നെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഒഴിവായതെന്ന് വിദഗ്ധര്‍ പറയുന്നു. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി എസ് ഭുല്ലാര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടു വിമാനത്തിലും ടിസിഎഎസ്  സംവിധാനം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ കമ്പനി, ആകാശപാതയില്‍ ഇത്രയടുത്ത് എത്തിയതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
Next Story

RELATED STORIES

Share it