ernakulam local

ആകാംക്ഷക്കൊടുവില്‍ സന്ദീപിന്റെ ഹൃദയം കൃഷ്ണകുമാറില്‍ തുടിച്ചു

കൊച്ചി: മണിക്കൂറുകളോളം നീണ്ട ആകാംക്ഷക്കൊടുവില്‍ കുലിക്കാട്ടുശേരി ഉള്ളാട്ടിപ്പറമ്പില്‍ സന്ദീപ് സൈലാസിന്റെ ഹൃദയം കൃഷ്ണകുമാറില്‍ തുടിച്ചു തുടങ്ങി.
എറണാകുളം ലിസി ആശുപത്രിയില്‍ ഇന്നലെയാണ് തൃശൂര്‍ വടക്കാഞ്ചേരി ഏങ്കക്കാട് ചെറുപാറ വീട്ടില്‍ സി കൃഷ്ണകുമാറിന് (47) സന്ദീപിന്റെ ഹൃദയം തുന്നിച്ചേര്‍ത്തത്. ശസ്ത്രക്രിയ വിജയകരമായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തി ല്‍ ബുധനാഴ്ച്ച രാത്രി 11.30ന് ആരംഭിച്ച ശസ്ത്രക്രിയ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് അവസാനിച്ചത്. തുടര്‍ന്നു കൃഷ്ണകുമാറിനെ രാവിലെ 5.15 നു ഐസിയുവില്‍ പ്രത്യേക നിരീക്ഷണത്തിലേക്കു മാറ്റി.
ബുധനാഴ്ച ഉച്ചയോടെയാണു മസ്തിഷ്‌ക മരണം സംഭവിച്ച കുലിക്കാട്ടുശേരി ഉള്ളാട്ടിപ്പറമ്പില്‍ സന്ദീപ് സൈലാസിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നുവെന്ന വാര്‍ത്ത ലിസി ആശുപത്രിയില്‍ എത്തിയത്. ആദ്യ സംഘം മൂന്നു മണിയോടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തി. പരിശോധനയില്‍ ഹൃദയം കൃഷ്ണകുമാറിനു യോജ്യമാണെന്നു കണ്ടെത്തി. തുടര്‍ന്ന് അഞ്ചോടെ ഡോ.ജോസ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയിലേക്ക് പോയി. രാത്രി പത്തരയോടെ ഹൃദയമെടുക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.
10.47 നു പോലിസ് അകമ്പടിയോടെ സംഘം ചാലക്കുടിയില്‍ നിന്നു പുറപ്പെട്ടു. കനത്ത മഴയിലും 43 മിനിറ്റു മാത്രമെടുത്ത് സംഘം എറണാകുളം ലിസി ആശുപത്രിയിലെത്തിയപ്പോള്‍ സമയം 11.30. ഉടന്‍തന്നെ ശസ്ത്രക്രിയക്കുള്ള നടപടി ആരംഭിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം 15 ശതമാനം മാത്രമുള്ള അവസ്ഥയില്‍ കഴിഞ്ഞ രണ്ടു മാസമായി കൃഷ്ണകുമാര്‍ ലിസി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഡോ.ജോസ് ചാക്കോയ്ക്കു പുറമെ ഡോ.ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ.ജീവേഷ് തോമസ്, ഡോ.ജോ ജോസഫ്, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ.മനോരസ് മാത്യു എന്നിവരും ശസത്രക്രിയ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it