thiruvananthapuram local

ആംബുലന്‍സ് നല്‍കിയില്ല: ആദിവാസി യുവാവിന് ചികില്‍സ വൈകി

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത നിര്‍ധന ആദിവാസി യുവാവിന് ആംബുലന്‍സ് നല്‍കാന്‍ തയാറാവാത്തത് സംഘര്‍ഷത്തിനിടയാക്കി.
കോട്ടൂര്‍ ആദിവാസി മേഖലയിലെ അണകാല്‍ സെറ്റില്‍മെന്റില്‍ നിന്നും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ അരുണ്‍കാണി (27)യ്ക്ക് മെഡിക്കല്‍ കോളജില്‍ പോകാന്‍ ആംബുലന്‍സ് നല്‍കില്ലെന്ന ഡ്യൂട്ടിഡോക്ടറുടെ നിലപാടാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. ബുധനാഴ്ച രാത്രി 12 ഓടെയാണ് സംഭവം.വാഹനം എത്താത്ത അഗസ്ത്യമലയോട് ചേര്‍ന്ന ആദിവാസി സെറ്റില്‍മെന്റില്‍ ഒരാഴ്ചയായി കടുത്ത പനി ബാധിച്ച് കിടപ്പിലായിരുന്നു അരുണ്‍കാണി. ബുധനാഴ്ച രാത്രിയോടെ ജീപ്പില്‍ ആര്യനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ത്തിക്കാന്‍ നിര്‍ദ്ദേശിച്ചു.
നെടുമങ്ങാട് ആശുപത്രിയില്‍ രാത്രി ഒമ്പതോടെ എത്തിച്ച രോഗിയെ അഡ്മിറ്റ് ചെയ്ത് രക്തപരിശോധന നടത്തി. മഞ്ഞപിത്തം സ്ഥിരീകരിച്ചതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ചെയ്തു. അര്‍ധരാത്രിയായതിനാല്‍ വാഹനമൊന്നും ലഭിക്കില്ലെന്നും വാഹനത്തിന് നല്‍കാന്‍ പണമില്ലെന്നും ഇവര്‍ ഡോക്ടറെ അറിയിച്ചു.
എന്നാല്‍ ആശുപത്രിയിലുള്ള ആംബുലന്‍സ് അനുവദിക്കാതെ രോഗിയെക്കൊണ്ടുവന്നശേഷം മടക്കിവിട്ട ജീപ്പ് തിരികെ എത്തിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകാനാണത്രേ ഡോക്ടര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം കുറ്റിച്ചലില്‍ നിന്നും ജീപ്പ് തിരികെ എത്തിച്ചു. വാഹനം തിരികെ എത്താന്‍ താമസിക്കുന്നതിനിടെ അരു ണ്‍കാണിയ്ക്ക് അസുഖം മൂര്‍ച്ഛിക്കുകയും ചെയ്തു.
തിരികെ എത്തിയ ജീപ്പിന്റെ ഡ്രൈവര്‍ ജ്യോതിഷും കൂടെവന്നവരും ആംബുലന്‍സ് അനുവദിക്കാത്തതിനെക്കുറിച്ച് ഡോക്ടറുമായി വാക്കുതര്‍ക്കവുമുണ്ടായി. സംഭവം പന്തിയല്ലെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍ തുടര്‍ന്ന് ആംബുലന്‍സ് നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ കുറ്റിച്ചലില്‍ നിന്നും മടക്കി വിളിച്ച ജീപ്പില്‍ പോയാല്‍ മതിയെന്ന നിലപാടിലായിരുന്നു കണ്ടുനിന്നവരെല്ലാം. തുടര്‍ന്ന് ജീപ്പില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച അരുണ്‍കാണി ഒന്നാം വാര്‍ഡില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it