ആംബുലന്‍സ് ഡ്രൈവര്‍ കീഴടങ്ങി

മുളങ്കുന്നത്തുകാവ്: അപകടത്തില്‍ പരിക്കേറ്റയാളെ ആംബുലന്‍സില്‍ നിന്നും തലകീഴായി ഇറക്കി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ ആംബുലന്‍സ് ഡ്രൈവര്‍ പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പാലക്കാട് ആണ്ടിമഠം വീട്ടില്‍ മുഹമ്മദ് ശരീഫാണ് ഇന്നലെ രാത്രി എട്ടിന് മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും ഇന്നലെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും ആശുപത്രി സൂപ്രണ്ടിനും മുമ്പാകെ ഹാജരായി മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ റിപോര്‍ട്ട്.
വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പാലക്കാട് ആശുപത്രിയില്‍ നിന്നു വെള്ളിയാഴ്ച കൊണ്ടുവന്ന മധ്യവയസ്‌കനെയാണ് ആംബുലന്‍സ് ഡ്രൈവര്‍ തലകീഴായി സ്‌ട്രെച്ചറില്‍ ഇറക്കിക്കിടത്തിയത്. ആംബുലന്‍സ് ഡ്രൈവര്‍ മനപ്പൂര്‍വമല്ലാത്ത വീഴ്ചവരുത്തിയതായി സൂപ്രണ്ട് റിപോര്‍ട്ട് നല്‍കി. ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ആണ്ടിമഠം വീട്ടില്‍ മുഹമ്മദ് ശരീഫിനെതിരേ മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തിരുന്നു.
അതേസമയം മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലിസ് അറിയിച്ചു. മരണ കാരണം തലയ്‌ക്കേറ്റ പരിക്കാണെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. ഇതിനു ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഒരാഴ്ച കൂടി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വിഷയത്തില്‍  മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് തച്ചുനാട്ടുക്കര പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് കഴിഞ്ഞ 20ന് ബൈക്കിടിച്ച് പരിക്കേറ്റ നിലയില്‍ 48 വയസ്സു തോന്നിക്കുന്ന അജ്ഞാതനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചത്.
Next Story

RELATED STORIES

Share it