kozhikode local

ആംബുലന്‍സ് കട്ടപ്പുറത്ത് : പരിക്കേറ്റ തൊഴിലാളി വേദന സഹിച്ചത് മണിക്കൂറുകള്‍



നാദാപുരം: താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ കിണര്‍ നിര്‍മ്മാണത്തിനിടെ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ മെഡിക്കല്‍ കോളജിലെത്തിക്കാന്‍ വൈകി. വെള്ളൂര്‍ കോട്ടേമ്പ്രം സ്വദേശി പട്ടിയേരി മീത്തല്‍ സുനില്‍ കുമാറാണ്(36) മണിക്കൂറുകളോളം വേദന സഹിച്ചത്. നാദാപുരം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ തട്ടാം കുന്നുമ്മല്‍ അശോകന്റെ കിണറ്റില്‍ വീണാണ് സുനില്‍കുമാറിന് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കിണറിന്റെ ആഴം കൂട്ടല്‍ ജോലിക്കിടെ ഭക്ഷണം കഴിക്കാന്‍ മുകളിലേക്ക് കയറുന്നതിനിടെ ആഴമേറിയ കിണറിലേക്ക് വീഴുകയായിരുന്നു.ചേലക്കാട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യുവാവിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. നടുവിനും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ മണിക്കൂറുകള്‍ കാത്ത് കിടന്നതിന് ശേഷമാണ് സമീപ പ്രദേശത്ത് നിന്ന് ആംബുലന്‍സ് ലഭിച്ചത്. ഇതിനിടയില്‍ വേദന കൊണ്ട് യുവാവ് പുളയുകയായിരുന്നു. ഒരു വര്‍ഷത്തോളമായി താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാതായിട്ട്. അപകടത്തില്‍ പെട്ട ആംബുലന്‍സ് അറ്റകുറ്റ പണിക്കായി കൊണ്ട് പോയെങ്കിലും ഇത് വരെ തിരിച്ചെത്തിയിട്ടില്ല. യഥാസമയം ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബസ്സിടിച്ച് പരിക്കേറ്റ സ്‌ക്കൂള്‍ വിദ്യാര്‍ഥിനി വിദഗ്ദ ചികിത്സയ്ക്ക് കൊണ്ട് പോവാനാവാതെ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it