ആംബുലന്‍സ് അഴിമതിവയലാര്‍ രവിയുടെ മകനെതിരേ കുറ്റപത്രം

ന്യൂഡല്‍ഹി: രാജസ്ഥാനിലെ 108 ആംബുലന്‍സ് പദ്ധതിയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. രവി കൃഷ്ണ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ ജെയ്പൂരിലെ പ്രത്യേക സിബിഐ കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. സികില്‍സ ഹെല്‍ത്ത് കെയര്‍ കമ്പനി ഡയറക്ടറായ രവി കൃഷ്ണയെ കൂടാതെ സിഇഒ ശ്വേത മംഗള്‍, ജീവനക്കാരനായ അമിത് ആന്റണി അലക്‌സ് എന്നിവരുടെ പേരുകളാണു കുറ്റപത്രത്തില്‍ ഉള്ളത്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
അഴിമതിയുമായി ബന്ധപ്പെട്ടു നേരത്തെ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, സച്ചിന്‍ പൈലറ്റ്, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തര്‍ എന്നിവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. അന്വേഷണത്തിന്റെ ഭാഗമായി രവി കൃഷ്ണ ഉള്‍പ്പെടെ രണ്ടു ഡയറക്ടര്‍മാരുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ കണ്ടുകെട്ടിയിരുന്നു.
2010-13 കാലത്ത് അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരിക്കെ 108 ആംബുലന്‍സ് പദ്ധതി നടത്തിപ്പില്‍ രണ്ടരകോടി രൂപയുടെ ക്രമക്കേട് ഉണ്ടായെന്നാണ് ആരോപണം. മതിയായ യോഗ്യതയില്ലാതെ രവികൃഷ്ണയുടെ സികില്‍സ ഹെല്‍ത്ത്‌കെയര്‍ എന്ന കമ്പനിക്ക് ആംബുലന്‍സ് കരാര്‍ നല്‍കിയെന്നാണു കേസ്.
Next Story

RELATED STORIES

Share it