wayanad local

ആംബുലന്‍സിന് അമിതവാടക ഈടാക്കിയതായി പരാതി



മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ നിന്നു രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സിന് അമിതവാടക ഈടാക്കിയതായി പരാതി. ഇതുസംബന്ധിച്ച് തൊണ്ടര്‍നാട് കോറോം മരച്ചോട് കല്ലറ കോളപ്പറമ്പ് പ്രതാപന്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. മെയ് 13നാണ് പ്രതാപന്റെ മാതാവിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ജില്ലാ ആശുപത്രിയുടെ കെഎല്‍ 72 എ 7211 നമ്പറിലുള്ള ആംബുലന്‍സ് വാടകയ്ക്ക് വിളിച്ചു. യാത്രാമധ്യേ അസുഖം കൂടിയതിനാല്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഈ ആശുപത്രിയിലെ സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയാത്തതിനാല്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു. അവിടെ എത്തിയ ശേഷം വാഹനത്തിന്റെ െ്രെഡവര്‍ വെങ്കിടരാജന്‍ വാടകയിനത്തില്‍ 3000 രൂപ ആവശ്യപ്പെടുകയും തുക നല്‍കുകയുമായിരുന്നു. വാടക  കൂടുതലാണെന്നു മനസ്സിലാക്കിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യത വരുത്തുന്നതിനും രസീത് വാങ്ങുന്നതിനുമായി ജില്ലാ ആശുപത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. ചാര്‍ജ് വഹിക്കുന്ന ക്ലാര്‍ക്കിനെ സമീപിച്ചപ്പോള്‍ രസീത് തരാന്‍ വിസമ്മതിക്കുകയും രസീത് ഡ്രൈവറുടെ കൈവശമാണ് ഉള്ളതെന്നു പറഞ്ഞ് തിരിച്ചയക്കുകയുമായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ 2,520 രൂപയുടെ രസീതിന്റെ പകര്‍പ്പ് മാത്രമാണ് നല്‍കിയതെന്നു പ്രതാപന്‍ പറഞ്ഞു. താന്‍ നല്‍കിയ തുകയില്‍ നിന്നു 480 രൂപ കുറച്ചുള്ള രസീതാണ് ലഭിച്ചത്. ആയതിനാല്‍ രോഗികളില്‍ നിന്ന് അധിക തുക ഈടാക്കുന്ന ഡ്രൈവര്‍ക്കും എച്ച്എംസി ഉദ്യോഗസ്ഥക്കുമെതിരേ നടപടി സ്വീകരിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it