ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി: സുപ്രിംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ എംഎല്‍എ ആയി നിയമിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ജെഡിഎസും സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച സംസ്ഥാന ഗവര്‍ണറുടെ നടപടിക്കെതിരേ നല്‍കിയ പരാതിക്കൊപ്പം ഈ ഹരജിയും പരിഗണിക്കണമെന്നാണ് ആവശ്യം.
നിയമസഭയില്‍ തങ്ങളുടെ അംഗബലം വര്‍ധിപ്പിക്കുന്നതിനായി ബിജെപിയും യെദ്യൂരപ്പയും ഒരു ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ എംഎല്‍എ ആയി നിയമിക്കാന്‍ സാധ്യതയുണ്ട്. ഭരണഘടനയുടെ 333ാം വകുപ്പനുസരിച്ച് നിയമസഭയിലേക്ക് ഒരു ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് സഭയില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ശുപാര്‍ശ ചെയ്യുന്നത്.
എന്നാല്‍, ഇതുവരെ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത യെദ്യൂരപ്പയ്ക്ക് ധാര്‍മികമായും നിയമപരമായും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ ശുപാര്‍ശ ചെയ്യാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. 104 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപിക്ക് സഭയില്‍ ഭൂരിപക്ഷമില്ല. അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 116 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. ആ നിലയ്ക്ക് അടിയന്തരമായി ഒരു ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കുന്നത് സഭയില്‍ അംഗബലം കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കാണേണ്ടത്. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശം ദുര്‍വിനിയോഗം ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വരന് വേണ്ടി അഭിഭാഷകനായ ഗൗതം താലൂക്ദാര്‍ മുഖേനയാണ് ഹരജി നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it