ആംആദ്മി പാര്‍ട്ടിയുടെ വരുമാനത്തില്‍ 275 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഡല്‍ഹി ഭരിക്കുന്ന എഎപിയുടെ പാര്‍ട്ടി ഫണ്ടിലേക്കുള്ള വരവ് കഴിഞ്ഞ വര്‍ഷം 275 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ബിജെപിക്ക് 437.35 കോടി രൂപ സംഭാവനയായി ലഭിച്ചു. ഡല്‍ഹിക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നാണ് എഎപിക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചത്. അസോസിയേഷന്‍ ഫോര്‍ നാഷനല്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സര്‍ക്കാരിതര സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടത്.
വരുമാനത്തിന്റെ സ്രോതസ്സുള്‍പ്പെടെ വ്യക്തമായ റിപോര്‍ട്ട് സമര്‍പ്പിച്ച ഏക പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി എഎപിയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം 20,000ത്തിന് മുകളിലുള്ള സംഭാവന തുകകളുടെ കണക്കുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിക്കണമെന്നാണ്. 2013ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് 170.86 കോടി രൂപ സംഭാവനയായി ലഭിച്ച ബിജെപിയുടെ വരുമാനത്തില്‍ രണ്ടുവര്‍ഷം കൊണ്ട് 156 ശതമാനമാണ് വര്‍ധനയുണ്ടായത്. ബിജെപിയുടെ അത്ര വരുമാനം ലഭിച്ചില്ലെങ്കിലും ഏറ്റവും വരുമാന വര്‍ധനയുണ്ടായത് എഎപിക്കാണ്.
2013ല്‍ 9.42 കോടി രൂപ മാത്രം സംഭാവന ലഭിച്ച എഎപിക്ക് 2015ല്‍ ലഭിച്ചത് 35.28 കോടിയാണ്. 2013ല്‍ 59.6 കോടി സംഭാവന ലഭിച്ച കോണ്‍ഗ്രസിന് കഴിഞ്ഞവര്‍ഷം അത് 141.46 കോടി രൂപയാക്കി വര്‍ധിപ്പിക്കാന്‍ സാധിച്ചു. എന്‍സിപി 52.8 കോടി രൂപ സംഭാവന പിരിച്ചപ്പോള്‍ സിപിഎമ്മിന്റെ വരുമാനം 3.44 കോടിയായി വര്‍ധിച്ചു. സിപിഐക്ക് കഴിഞ്ഞവര്‍ഷം വരുമാനത്തില്‍ 11 ലക്ഷം രൂപയുടെ വര്‍ധനവ് മാത്രമെ ഉണ്ടായുള്ളൂ. ബിഎസ്പിക്കാവട്ടെ ഇക്കാലയളവില്‍ 20,000ത്തിനു മുകളിലുള്ള ഒരുതുകയും സംഭാവനയായി ലഭിച്ചില്ല. എല്ലാ പാര്‍ട്ടികളും കൂടി കഴിഞ്ഞവര്‍ഷം 870 കോടി രൂപയാണ് പിരിച്ചെടുത്തത്. ഇത് 2013ല്‍ 247 കോടിയും 2014ല്‍ 622 കോടിയും ആയിരുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it