Middlepiece

അ-ബുക്കില്‍ നിന്ന് ഇ-ബുക്കിലേക്ക്

വി കെ ആദര്‍ശ്

അച്ചടി ബുക്കില്‍നിന്ന് ഇലക്ട്രോണിക് ബുക്കിലേക്കു വായന മാറിക്കൊണ്ടിരിക്കുകയാണ്. എന്താണ് ഇ-ബുക്കുകള്‍? ഒരു സാധാരണ പുസ്തകത്തിന്റെയത്ര വലുപ്പമുള്ള, ഒരുവശം സ്‌ക്രീന്‍ ഉള്ള ഒരു ഉപകരണം. ഇതിലൂടെ നമുക്ക് പലപല പേജുകളിലായി പരന്നുകിടക്കുന്ന പുസ്തകങ്ങള്‍ വായിക്കാം. സാധാരണ മൊബൈല്‍ഫോണിന്റേതുമാതിരിയല്ല ഇവയുടെ സ്‌ക്രീന്‍. സാധാരണ ഇലക്ട്രോണിക് സ്‌ക്രീന്‍ സൂര്യവെളിച്ചത്തില്‍ ഉപയോഗിക്കാന്‍ കണ്ണിന് ആയാസമാണ്. പുതിയ ഉപകരണത്തില്‍ ഏതാണ്ട് കടലാസുതുല്യ വായനാനുഭവം തന്നെ ലഭിക്കും.
പുസ്തകത്തെ ഇലക്ട്രോണിക് ഫോര്‍മാറ്റിലാക്കി ഇതില്‍ സൂക്ഷിക്കാം എന്നതു മാത്രമല്ല മേന്മ. എടുത്തുപറയേണ്ട ഒട്ടേറെ സൗകര്യങ്ങളുമുണ്ട് ഇതില്‍. ഇ-ബുക്ക് റീഡറിന് 200 ഗ്രാമിന് അടുത്തു മാത്രമാണു ഭാരം. ഇന്നു വിപണിയില്‍ ലഭ്യമായ തുടക്കക്കാരന്‍ ഇ-ബുക്ക് റീഡറില്‍ തന്നെ ആയിരത്തിലേറെ പുസ്തകങ്ങള്‍ക്ക് ഇരിപ്പുറപ്പിക്കാനാവും.
ഇന്റര്‍നെറ്റ് വഴിയോ പ്രസാധകന്റെ പക്കല്‍നിന്നോ പുസ്തകം വാങ്ങാം. പ്രസാധകനും ഉണ്ട് നേട്ടം. ഒരുതവണ ഇ-ബുക്ക് ഫോര്‍മാറ്റില്‍ പുസ്തകം ചിട്ടപ്പെടുത്തിയാല്‍ പിന്നെ വിറ്റുതീര്‍ന്ന് അടുത്ത പതിപ്പ് അച്ചടിക്കാനായി നെട്ടോട്ടം ഓടേണ്ട. ഒരേ പുസ്തകം തന്നെ പലതരം രൂപവിന്യാസത്തില്‍ വില്‍പനയ്ക്കു വയ്ക്കാം. പല വലുപ്പത്തില്‍ അക്ഷരം മാറ്റുന്നതല്ല ഉദ്ദേശിച്ചത്. നയനാനന്ദകരമായ പേജ് രൂപകല്‍പനയാണ് വിവക്ഷ. അക്ഷരവലുപ്പവും മറ്റും വായനക്കാരന്‍ നിയന്ത്രിച്ചുകൊള്ളും. അതായത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വളരെ വേഗം വായിച്ചുപോവുമ്പോള്‍ പ്രായംചെന്നവര്‍ നല്ല ശേഷിയുള്ള കണ്ണട ഉപയോഗിച്ചാല്‍പ്പോലും സമയമെടുക്കുന്നത് കണ്ടിട്ടില്ലേ? ഇ-ബുക്ക് റീഡറില്‍ അക്ഷരത്തിന്റെ വലുപ്പം ആവശ്യത്തിനനുസരിച്ചു കൂട്ടാം. അതിനാല്‍ത്തന്നെ സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് വേണമെങ്കില്‍ അക്ഷരത്തിന്റെ വലുപ്പം കൂട്ടിവച്ച് കണ്ണട ഉപേക്ഷിച്ച് വായിക്കാം.
നേരത്തേ പറഞ്ഞ ഉദാഹരണം യാത്രാവേളകളില്‍ മാത്രമല്ല, ഓഫിസിലേക്കു പോവുന്ന സമയത്തും അല്ലെങ്കില്‍ പാര്‍ക്കില്‍ ഇരിക്കുമ്പോഴും കൂടെ കൊണ്ടുനടക്കുന്നത് ഒരു മുഴുലൈബ്രറി തന്നെയാണ് എന്നു സാരം. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭാണ്ഡക്കെട്ട് എത്രയോ നാളുകളായി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വിഭവമാണ്. എന്നാല്‍, ഇ-ബുക്കിലേക്ക് മാറുന്നതോടെ കോളജില്‍ മുതിര്‍ന്നവര്‍ പോവുന്നപോലെ ബുക്കും കറക്കി കുഞ്ഞനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും പോവാം. ഒരുവര്‍ഷത്തെ മാത്രമല്ല, ഒന്നു മുതല്‍ 12ാംതരം വരെയുള്ള പുസ്തകങ്ങളും സഹായഗ്രന്ഥങ്ങളും ചേര്‍ത്താലും പിന്നെയും സ്ഥലം ബാക്കി! മറ്റൊരു സൗകര്യം ഇതിലും മികച്ചതായുള്ളത്, ഒപ്പമുള്ള നിഘണ്ടുവാണ്. സംശയം തോന്നുന്ന വാക്കിലോ ശൈലിയിലോ സെലക്റ്റ് ബട്ടന്‍ അമര്‍ത്തി അര്‍ഥം തിരയാം. ഇലക്ട്രോണിക് ഫോര്‍മാറ്റിലായതിനാല്‍ നിമിഷാര്‍ധംകൊണ്ട് വാക്ക് തിരഞ്ഞ് വിശദവിവരവുമായി വായന എളുപ്പം പുരോഗമിക്കും. അമേരിക്കയിലെ ആമസോണ്‍ കിന്‍ഡില്‍, കോബോ മുതല്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള വിങ്ക് റീഡര്‍ വരെയായി വിപണിയില്‍ വിവിധ ബ്രാന്‍ഡുകള്‍ പലതരത്തില്‍ ലഭ്യം. 5,000 രൂപ മുതല്‍ മേലേക്കാണ് വില. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതും ഒപ്പം പണംകൊടുത്ത് വാങ്ങാവുന്നതുമായ പുസ്തകങ്ങള്‍ ഉണ്ട്. കംപ്യൂട്ടറില്‍ തയ്യാറാക്കുന്ന വായനസാമഗ്രികള്‍ ഇ-ബുക്ക് ഫോര്‍മാറ്റിലാക്കി ഇതിലേക്കു മാറ്റുകയും ചെയ്യാം.
ഇ-ബുക്ക് റീഡര്‍ കൂടാതെ മറ്റൊരുതരത്തിലും സമാനമായ ഇ-വായന സാധ്യമാണ്. സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, കംപ്യൂട്ടര്‍ എന്നിവയില്‍ ഇതിനുള്ള ആപ്ലിക്കേഷന്‍ പകര്‍ത്തിയിട്ടാല്‍ പെട്ടെന്നു തന്നെ ഇ-ബുക്ക് റീഡറായി ഉപകരണം ഭാവപ്പകര്‍ച്ച കൈവരിക്കും. എന്നാല്‍, സാധാരണ സ്‌ക്രീന്‍ ആയതിനാല്‍ ഇ-ഇങ്ക് പ്രദാനം ചെയ്യുന്നപോലെ ഒരു വായന നടക്കുമോ എന്നത് വായിക്കുന്നവരുടെ രീതി അനുസരിച്ചാണ് മുന്നേറുക. ആപ്പിള്‍ ഐ പാഡ്, സാംസങ് ഗാലക്‌സി ടാബ് എന്നിവയുടെ വര്‍ധിച്ച സ്വീകാര്യതയും വന്‍ വളര്‍ച്ചാനിരക്കും ഇ-ബുക്ക് റീഡറിനും മേലെയാണ്. അതുകൊണ്ടാവണം ഇ-ബുക്ക് രംഗത്തെ പ്രബലരായ ആമസോണ്‍ കിന്‍ഡില്‍ ഫയര്‍ എന്ന ടാബ് അവതരിപ്പിച്ചുകൊണ്ട് എതിരാളികള്‍ക്കു മറുപടി കൊടുത്തുകഴിഞ്ഞു.

എക്‌സ്ട്രാ ബൈറ്റ്: പുസ്തകങ്ങള്‍ മാത്രമല്ല, ദിനപത്രങ്ങളും മാസികകളും ലഘുലേഖകളും വരെ ഇ-വായനയ്ക്ക് സജ്ജമായിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് വന്ന ആദ്യ വര്‍ഷങ്ങളില്‍ വെബ്ബില്‍ എത്താനായിരുന്നു അച്ചടിമാധ്യമങ്ങള്‍ തിക്കിത്തിരക്കിയിരുന്നതെങ്കില്‍ ഇന്ന് ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ പ്ലാറ്റ്‌ഫോമുകളില്‍ (അച്ചടി) പ്രസിദ്ധീകരണങ്ങള്‍ ഇ-മുഖവുമായി എത്താനുള്ള പണിപ്പുരയിലാണ്.

(ഇ- ലോകം ഇത്ര വിപുലം എന്ന പുസ്തകത്തില്‍ നിന്ന്.)
Next Story

RELATED STORIES

Share it