അഹ്മദാബാദിന്റെ പേര് കര്‍ണാവതിയാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഗുജറാത്തിലെ പ്രമുഖ വ്യവസായനഗരമായ അഹ്മദാബാദിന്റെ പേര് കര്‍ണാവതി എന്നാക്കി മാറ്റാന്‍ ആര്‍എസ്എസ് നീക്കം. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറെന്നും ഔറംഗാബാദിന്റെ പേര് സാംബജി നഗറെന്നുമാക്കാന്‍ ആര്‍എസ്എസ് നീക്കം തുടങ്ങി. രാജ്യതലസ്ഥാന മേഖലയില്‍പ്പെട്ട ഹരിയാനയിലെ ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാം എന്നാക്കി മാറ്റിയതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൂടുതല്‍ നഗരങ്ങളുടെ പേര് മാറ്റാനുള്ള ശ്രമം നടക്കുന്നത്. കേരളം എന്ന പേര് കേരള എന്നു മാറ്റാനും ആര്‍എസ്എസിന് ആഗ്രഹമുണ്ട്. ഇംഗ്ലീഷില്‍ കേരള എന്നാണ് ഉപയോഗിക്കുന്നതെങ്കിലും മലയാളികള്‍ കേരളം എന്നാണ് ഉപയോഗിക്കുന്നതെന്നാണ് ആര്‍എസ്എസ് വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ നഗരങ്ങളുടെ പേര് രാജ്യത്തിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും നീതിപുലര്‍ത്തുന്നതായിരിക്കണമെന്ന വാദമുയര്‍ത്തിയാണ് ആര്‍എസ്എസിന്റെ നടപടി. പഴയ കാലത്ത് വ്യക്തികള്‍ ഇട്ട പേരാണ് ഇപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നതെന്നും ഒരു സ്വതന്ത്ര്യ രാജ്യം എന്ന നിലയ്ക്ക് നമ്മുടെ സംസ്‌കാരത്തിനു യോജിച്ച പേരായിരിക്കണം ഉപയോഗിക്കേണ്ടതെന്നും ആര്‍എസ്എസ് വൃത്തങ്ങള്‍ പറയുന്നു. 15ാം നൂറ്റാണ്ടില്‍ ഗുജറാത്ത് ഭരിച്ചിരുന്ന അഹ്മദ് ഷായുടെ സ്മരണാര്‍ഥമാണ് നഗരത്തിന് അഹ്മദ് നഗരം എന്നര്‍ഥമുള്ള അഹ്മദാബാദ് എന്ന പേരു ലഭിച്ചത്. 1960 മുതല്‍ 1970 വരെ ഗുജറാത്തിന്റെ തലസ്ഥാനവും ഈ നഗരം ആയിരുന്നു. പിന്നീട് തലസ്ഥാനം ഗാന്ധിനഗറിലേക്കു മാറ്റി. മുഗള്‍ രാജാവ് ഔറംഗസീബിന്റെ പേരില്‍ അറിയപ്പെടുന്ന ഔറംഗാബാദ്, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളുടെ പേര് മാറ്റണമെന്നത് സംഘപരിവാരത്തിന്റെ ഏറെപ്പഴക്കമുള്ള ആവശ്യമാണ്. പേരുമാറ്റത്തെ ശിവസേനയും ശക്തമായി പിന്തുണയ്ക്കുന്നു. അടുത്തിടെ ഡല്‍ഹിയിലെ പ്രധാന റോഡായ ഔറംഗസീബ് റോഡ് ഡോ. എ പി ജെ അബ്ദുല്‍ കലാം റോഡ് എന്നാക്കി മാറ്റിയിരുന്നു. മദ്രാസിന്റെ പേര് ചെന്നൈ എന്നും കല്‍ക്കത്തയുടെത് കൊല്‍ക്കത്ത എന്നും മാറ്റിയപ്പോള്‍ ഒരാളും എതിര്‍ത്തില്ലെന്നും എന്നാല്‍, ഹൈദരാബാദിന്റെ പേരുമാറ്റുമ്പോള്‍ വിവാദമാക്കേണ്ടതില്ലെന്നും ബിജെപി എംഎല്‍എ ജി കിഷന്‍ റെഡ്ഡി പറഞ്ഞു.
Next Story

RELATED STORIES

Share it