kozhikode local

അസൗകര്യങ്ങളില്‍ വീര്‍പ്പു മുട്ടി നരിക്കുനി ഗവ. ഹോസ്പിറ്റല്‍



നരിക്കുനി: നരിക്കുനിയിലും പരിസരങ്ങളിലും പനി നിയന്ത്രണവിധേയമാവാതെ തുടരുമ്പോഴും നരിക്കുനി ഗവ ആശുപത്രി അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടുന്നു. ഈ സര്‍ക്കാര്‍ ആതുരാലയത്തിലെത്തുന്ന രോഗികളില്‍ പനിബാധിതരുടെ എണ്ണം ദിനംപ്രതിയെന്നോണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പുന്നശേരിയില്‍ കഴിഞ്ഞയാഴ്ച ഒരാള്‍ പനി ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം നരിക്കുനി ചാമ്പാട്ടില്‍താഴത്തെ ഒറ്റപ്പിലാപൊയില്‍ സൈനബ ഡെങ്കിപ്പനി ബാധിച്ചും മരിച്ചിട്ടുണ്ട്. ഓരോ ദിവസവും ഈ ആശുപത്രിയില്‍ ആയിരത്തോളം രോഗികളെത്തുന്നുണ്ട്. എന്നാല്‍ പതിറ്റാണ്ടുകള്‍ മുമ്പുള്ള സ്റ്റാഫ് പാറ്റേണാണ് ഇന്നും ഈ ആശുപത്രിയില്‍ നിലവിലുള്ളത്. ചികില്‍സ തേടിയെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കാത്തതും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതും കാരണം ഏറെ ദുരിതമാണ് രോഗികള്‍ അനുഭവിക്കുന്നത്. ഒപി സമയം കഴിഞ്ഞാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭിക്കില്ല. അവധി ദിനങ്ങളില്‍ ലാബ് പ്രവര്‍ത്തിക്കാത്തതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു.
Next Story

RELATED STORIES

Share it