Flash News

അസ്താന ചര്‍ച്ചയില്‍ തുര്‍ക്കി-റഷ്യ- ഇറാന്‍ ധാരണ



മോസ്‌കോ: സിറിയയില്‍ സുരക്ഷാമേഖലകള്‍ പ്രാബല്യത്തിലാക്കുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിനായി തുര്‍ക്കി-റഷ്യ- ഇറാന്‍ ധാരണ. കസാകിസ്താനിലെ അസ്താനയില്‍ സിറിയന്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരം കാണുന്നതിനായാരംഭിച്ച മധ്യസ്ഥ ചര്‍ച്ചയിലാണ് ധാരണയായത്. സിറിയയില്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള സംഘര്‍ഷം കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് സുരക്ഷാമേഖലകള്‍ പരിഗണിക്കുന്നത്. നേരത്തേ റഷ്യയിലെ സോചിയില്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും നടത്തിയ ചര്‍ച്ചയില്‍ സിറിയയില്‍ സുരക്ഷാ മേഖലകള്‍ക്കായുള്ള നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. തുടര്‍ന്ന്്് ഈ നിര്‍ദേശം അസ്താന ചര്‍ച്ചയില്‍ അവതരിപ്പിക്കുകയായിരുന്നു. സിറിയയില്‍ സര്‍ക്കാരും പ്രതിപക്ഷവും സംഘര്‍ഷം ലഘൂകരിക്കുന്നതിനുതകുന്ന നിലാപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉര്‍ദുഗാനും പുടിനും അറിയിച്ചു. സുരക്ഷാ മേഖലകള്‍ സ്ഥാപിക്കുന്നത് അനുനയ ശ്രമങ്ങള്‍ക്കും സംഘര്‍ഷത്തിന് അയവു വരുത്തുന്നതിനും സഹായകരമാവുമെന്നാണ് കരുതുന്നതെന്ന് പുടിന്‍ പറഞ്ഞു. നേരത്തേ അസ്താന ചര്‍ച്ചയില്‍ നിന്ന് സിറിയന്‍ പ്രതിപക്ഷം ഇറങ്ങിപ്പോവുകയും ചര്‍ച്ച നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. സിറിയന്‍ ഭരണകൂടവും വിമതരും തമ്മില്‍ റഷ്യയുടെ പിന്തുണയോടെയാണ് ചര്‍ച്ച തുടങ്ങിയത്. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന തുര്‍ക്കിയുടെ ശ്രമഫലമായാണ് അസ്താന ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന്് ഇറങ്ങിപ്പോയത്.
Next Story

RELATED STORIES

Share it