അസ്താനയ്‌ക്കെതിരായ നിര്‍ദേശങ്ങളുമായി സിവിസിക്ക് കത്ത്‌

ന്യൂഡല്‍ഹി: സിബിഐയുടെ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ നിര്‍ദേശങ്ങളുമായി കേന്ദ്ര വിജിലന്‍സ് കമ്മീഷന് (സിവിസി) സിബിഐ കത്തയച്ചു. സിബിഐയിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അസ്താനയ്ക്ക്് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ പ്രതിനിധീകരിക്കാനുള്ള അംഗീകാരമില്ലെന്ന് കത്തില്‍ പറയുന്നു. ഏജന്‍സിയുടെ കെട്ടുറപ്പും വിശ്വാസ്യതയും തകരാതിരിക്കാന്‍ ഡയറക്ടറുടെ അഭാവത്തില്‍ സിബിഐയിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ നിന്ന് അസ്താനയെ വിലക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
അസ്താനയ്‌ക്കെതിരേയും സിബിഐയിലേക്ക് നിയമിക്കപ്പെടാനിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ഗൗരവമേറിയ പരാമര്‍ശങ്ങള്‍ കത്തിലുണ്ട്. അസ്താനയുടെ നിയമനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച സംശയങ്ങള്‍ നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥനെതിരേ ഇപ്പോള്‍ സിബിഐ തന്നെ സിവിസിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അന്വേഷണ ഏജന്‍സിയിലേക്ക് നിയമിക്കപ്പെടാന്‍ പദ്ധതിയുണ്ടായിരുന്ന നിരവധി ഉ—ദ്യോഗസ്ഥര്‍ സിബിഐ തന്നെ അന്വേഷിക്കുന്ന കേസുകളില്‍ ആരോപണവിധേയരോ കുറ്റം ചുമത്തപ്പെട്ടവരോ ആണെന്ന് സിവിസിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അസ്താനയും നിരവധി കേസുകളില്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും അടുത്ത ആളെന്ന നിലയിലാണ് അസ്താന അറിയപ്പെടുന്നത്.
അന്വേഷണ ഏജന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥരെ ശുപാര്‍ശ ചെയ്യുമ്പോള്‍ അവരെക്കുറിച്ച് അന്വേഷിക്കുന്നതിനായി ആവശ്യമായ സമയം നല്‍കണമെന്ന് സിബിഐ സിവിസിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. ജൂലൈ 10ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ നിന്നു ലഭിച്ച ഫോണ്‍ കോളിന് മറുപടിയായി സിബിഐയുടെ നയരൂപീകരണ വിഭാഗമാണു കത്തയച്ചത്. സിബിഐ സെലക്ഷന്‍ കമ്മിറ്റി യോഗം 12നു നടക്കുമെന്ന് അറിയിച്ചുള്ളതായിരുന്നു ഫോണ്‍ കോള്‍. സിബിഐ ഡയറക്ടറുടെ അനുമതിയോടെയാണ് നയരൂപീകരണ വിഭാഗത്തിന്റെ കത്ത്.
അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയുള്ള നേതാക്കള്‍ക്കെതിരായ കേസുകളില്‍ നിലവില്‍ സിബിഐ അന്വേഷണം തുടരുന്നുണ്ട്. പ്രതിപക്ഷനേതാക്കള്‍ക്കെതിരേ പകപോക്കുന്നതിനുള്ള ആയുധമായി സിബിഐയെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നുള്ള ആരോപണങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. 2016 ഡിസംബറില്‍ സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി അസ്താനയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതും വിവാദമായിരുന്നു.
മുതിര്‍ന്ന ഉ—ദ്യോഗസ്ഥനായ ആര്‍ കെ ദത്തയുടെ സീനിയോറിറ്റി മറികടന്നായിരുന്നു നിയമനം.
1984ലെ ഗുജറാത്ത് കാഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താനയെ 2003 ഫെബ്രുവരിയില്‍ വഡോദര റേഞ്ച് ജൂനിയര്‍ ഐജിയായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചിരുന്നു. ഗോധ്ര തീവയ്പ് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു അസ്താന.
Next Story

RELATED STORIES

Share it