അസ്താനക്കെതിരേ ഗുരുതര ആരോപണം

ന്യൂഡല്‍ഹി: സിബിഐ ആസ്ഥാനത്തെ തമ്മിലടിയുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടെ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരേ ഗുരുതര ആരോപണമുയര്‍ത്തി സിബിഐക്ക് സൂറത്തില്‍ നിന്നുള്ള റിട്ട. പോലിസ് സബ് ഇന്‍സ്‌പെക്ടറുടെ ഇ-മെയില്‍. മോദി ഗുജറാത്ത് മുഖ്യമന്ത്രിയും അസ്താന സൂറത്ത് പോലിസ് കമ്മീഷണറുമായിരിക്കെ പോലിസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് 20 കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അസ്താന കൈമാറിയെന്നാണ് ആരോപണം.
കമ്മീഷണര്‍ ഓഫിസില്‍ നിന്ന് അക്കൗണ്ട് അപ്രത്യക്ഷമായതു സംബന്ധിച്ചും ഇ-മെയിലില്‍ വിശദാംശങ്ങളുണ്ട്. പോലിസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് തുക അപ്രത്യക്ഷമായതു സംബന്ധിച്ച് 2015ല്‍ വിവരാവകാശ പ്രവര്‍ത്തകന്‍ സമീപിച്ചതിനു പിന്നാലെ ആദായനികുതി വകുപ്പ് ടാക്‌സ് ടിഡിഎസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും അസ്താന സഹകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍, കമ്മീഷണര്‍ ഓഫിസില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടും സൂറത്ത് ക്രൈംബ്രാഞ്ച് മുറപ്രകാരം വിവരങ്ങള്‍ കൈമാറുകയും ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസില്‍ പരാതി ഫയല്‍ ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പും കേസെടുത്തു. എന്നാല്‍, ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 2013 മുതല്‍ 2015 കാലയളവില്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് ഒരു തുകയും വന്നിട്ടില്ലെന്ന് മാത്രമാണ് ഇ-മെയിലിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ വിശദാംശം. മറ്റ് അന്വേഷണവും ഇതുസംബന്ധിച്ച് നടത്തിയിട്ടില്ല.

Next Story

RELATED STORIES

Share it