അസിസറ്റന്റ് ഗ്രേഡ് പരീക്ഷ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരക്കടലാസുകള്‍ കാണാതായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി. തിരുവനന്തപുരം ചെറുന്നിയൂര്‍ സ്വദേശിനിയായ ഉദ്യോഗാര്‍ഥിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ഉത്തരക്കടലാസുകള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയെങ്കിലും ഏത് തരത്തിലാണ് ഇവ നശിപ്പിക്കപ്പെട്ടതെന്ന് കണ്ടെത്താനാവാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹരജി. 2008ല്‍ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ഹൈക്കോടതി ലോകായുക്ത എന്നിവയുടെ ഇടപെടലിന് പുറമെ ഹൈക്കോടതി നിര്‍ദേശപ്രകാരം റിട്ട. ജില്ലാ ജഡ്ജി കെ സുകുമാരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി വിഷയം പഠിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു.
അതിനിടെ, വയനാട് മാനന്തവാടി താലൂക്കിലെ വെള്ളിമാട്കുന്ന് ബാണാസുര മലനിരകളിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടു. മലനിരകള്‍ക്ക് സമീപമുള്ള പെരുങ്കുളം പട്ടികവിഭാഗ കോളനിയില്‍ താമസിക്കുന്ന കാപ്പനാണ് ഹരജി നല്‍കിയത്.
വയനാടിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മൂന്ന് വില്ലേജുകളിലായി കിടക്കുന്ന ബാണാസുര മലനിരകളുടെ പ്രധാന ഭാഗങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ബാണാസുര മലനിരകളില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ നിയമ വിരുദ്ധമായിട്ടുള്ളതാണ്. പ്രകൃതി സമ്പത്തും ജൈവവൈവിധ്യങ്ങളും നിറഞ്ഞ മലനിരകളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ദോഷമുണ്ടാക്കുന്നുണ്ട്. കൂടാതെ ജനവാസ പ്രദേശത്ത് ക്വാറികള്‍ നിരോധിക്കണമെന്ന കേന്ദ്രനിയമവും കാറ്റില്‍ പറത്തിയാണ് ഇവയുടെ പ്രവര്‍ത്തനം. അതിനാല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് ഹരജി.
Next Story

RELATED STORIES

Share it