അസഹിഷ്ണുത: രാഷ്ട്രപതിക്ക് ശാസ്ത്രജ്ഞരുടെ നിവേദനം

ചെന്നൈ: രാജ്യത്തു വ്യാപിക്കുന്ന അസഹിഷ്ണുതയ്‌ക്കെതിരേ യുക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു നിവേദനം നല്‍കി. വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ട സമൂഹം പൊട്ടാനിരിക്കുന്ന അണുബോംബ് പോലെയാണെന്ന് അവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ രാജ്യം വലിയൊരു ദുരന്തത്തിനു സാക്ഷിയാവേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
മാനവികതയ്ക്കും സംസ്‌കാരത്തിനും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും അവര്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പൂനെയിലെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ് മുന്‍ ഡയറക്ടര്‍ നരേഷ് ദാദിച്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ ജി രാജശേഖരന്‍, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെയും അലഹബാദ് ഹരീഷ്ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെയും ശാസ്ത്രജ്ഞര്‍ എന്നിവരടങ്ങിയ സംഘമാണ് നിവേദനത്തില്‍ ഒപ്പുവച്ചത്.
ബഹുസ്വര രാഷ്ട്രമായ ഇന്ത്യയില്‍ എല്ലാ സമുദായങ്ങള്‍ക്കും ഇടമുണ്ടെന്നും അതിനാല്‍ സമൂഹത്തില്‍ വെറുപ്പും ധ്രുവീകരണവും ഉണ്ടാക്കുന്ന പ്രവൃത്തികള്‍ നിര്‍ത്തണമെന്നും അവര്‍ ജനങ്ങളോടും സര്‍ക്കാരുകളോടും ആവശ്യപ്പെട്ടു. ദാദ്രി സംഭവവും ദളിതുകള്‍ക്കു നേരെയുള്ള അക്രമവും എഴുത്തുകാര്‍ക്കും യുക്തിവാദികള്‍ക്കുമെതിരേയുള്ള നടപടികളും നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it