അസഹിഷ്ണുതയ്‌ക്കെതിരേ പ്രതിഷേധം തുടരും: സെഹ്ഗാള്‍

കൊല്‍ക്കത്ത: രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരായ പ്രതിഷേധം തുടരുമെന്ന് പ്രമുഖ എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍. തിരിച്ചുകൊടുത്ത സാഹിത്യ അക്കാദമി അവാര്‍ഡ് വീണ്ടും സ്വീകരിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇക്കാര്യമറിയിച്ച് സെഹ്ഗാള്‍ അക്കാദമിക്ക് കത്തയച്ചിട്ടുണ്ട്. അവാര്‍ഡ് തിരിച്ചുകൊടുത്ത നടപടി പുനപ്പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധം താനും മറ്റു എഴുത്തുകാരും തുടരും-അവര്‍ കത്തില്‍ പറഞ്ഞു.
കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗി, നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തില്‍ അക്കാദമി സ്വീകരിച്ച മൗനത്തില്‍ പ്രതിഷേധിച്ചാണ് സെഹ്ഗാള്‍ അവാര്‍ഡ് തിരിച്ചുനല്‍കിയത്. തിരിച്ചയക്കുന്ന അവാര്‍ഡുകള്‍ സ്വീകരിക്കുന്ന നയം അക്കാദമിക്കില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഒക്ടോബറില്‍ താനയച്ച ചെക്ക് കാലഹരണപ്പെട്ടതിനു ശേഷം തിരിച്ചയച്ചിരിക്കുകയാണ് അക്കാദമി. അതിന് താന്‍ ഉത്തരവാദിയല്ലെന്നും സെഹ്ഗാള്‍ പറഞ്ഞു.
ഖജുരാഹൊയിലെ നഗ്നപ്രതിമകള്‍ സാംസ്‌കാരിക മന്ത്രി സാരികൊണ്ട് മൂടുന്ന ദിവസം താന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ടാറ്റാ സ്റ്റീല്‍ കൊല്‍ക്കത്ത സാഹിത്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സെഹ്ഗാള്‍.
തിരിച്ചയച്ച അവാര്‍ഡ് സ്വീകരിക്കാന്‍ സെഹ്ഗാള്‍ അടക്കമുള്ള ചിലര്‍ തയ്യാറായിട്ടുണ്ടെന്നാണ് സാഹിത്യ അക്കാദമി കഴിഞ്ഞ ദിവസം പറഞ്ഞത്. അത് ശരിയല്ലെന്ന് സെഹ്ഗാള്‍ വ്യക്തമാക്കി.
അതേസമയം, തിരിച്ചേല്‍പിച്ച അവാര്‍ഡ് സ്വീകരിക്കുന്നതല്ലെന്ന് ഹിന്ദി കവി ഉദയ് പ്രകാശ് പറഞ്ഞു. ജയ്പൂര്‍ സാഹിത്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരെ അവാര്‍ഡ് തിരിച്ചുവാങ്ങാന്‍ പ്രേരിപ്പിച്ച് പ്രതിച്ഛായ നിലനിര്‍ത്താനാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
അക്കാദമിയുടെ അവകാശവാദം മറ്റൊരു എഴുത്തുകാരനായ അശോക് വാജ്‌പേയിയും തള്ളിയിരുന്നു.
Next Story

RELATED STORIES

Share it