അസഹിഷ്ണുതയ്‌ക്കെതിരേ പ്രതിഷേധം

ബഹുസ്വരതയ്ക്കും മതസഹിഷ്ണുതയ്ക്കും പുകള്‍പ്പെറ്റ നമ്മുടെ നാട് ഫാഷിസത്തിന്റെ പിടിയിലമര്‍ന്ന ബീഭല്‍സ ദൃശ്യം രാജ്യസ്‌നേഹികളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. ഇഷ്ടമില്ലാത്ത വാദമുഖങ്ങളെ വെടിയുണ്ട കൊണ്ട് നേരിടുന്നു. ചിലര്‍ക്ക് ഇഷ്ടമില്ലാത്ത ആഹാരം വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് സാധുമനുഷ്യനെ തല്ലിക്കൊല്ലുന്നു. ഗ്രന്ഥകാരന്റെ മുഖത്ത് കരിമഷി ഒഴിക്കുന്നു. ഇന്ത്യയില്‍ ജീവിക്കാന്‍ മുസ്‌ലിംകള്‍ ബീഫ് കഴിക്കരുതെന്ന് ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ ശഠിക്കുന്നു. രാജ്യത്തെ പൗരന്മാരായ ദലിതരെ ചുട്ടുകൊല്ലുന്നു.
അസഹിഷ്ണുതയ്ക്കും വിദ്വേഷകൃത്യങ്ങള്‍ക്കുമെതിരേ ചരിത്രപണ്ഡിതരും എഴുത്തുകാരും ബുദ്ധിജീവികളും പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരേ ആവര്‍ത്തിക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ രാംദാസ് പ്രധാനമന്ത്രിക്ക് തുറന്ന കത്താണ് എഴുതിയത്. രാജ്യത്ത് അരങ്ങേറുന്ന സംഭവങ്ങള്‍ കാരണം അപമാനഭാരത്താല്‍ ശിരസ്സു കുനിക്കുന്ന അവസ്ഥയാണെന്ന് അദ്ദേഹം വിലപിക്കുന്നു. ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളായ നാരായണമൂര്‍ത്തിയും ബയോകോണ്‍ മേധാവി കിരണ്‍ മജൂംദാര്‍ ഷായും പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നു.
രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ അപകടത്തെക്കുറിച്ച് രാഷ്ട്രപതി പല തവണ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. അസഹിഷ്ണുതയുടെ വിദ്വേഷപ്രകടനങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇത് ജനാധിപത്യത്തിനെതിരാണെന്നും ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് അഡ്വാനിക്കു വരെ പറയേണ്ടിവന്നു. രാജ്യത്ത് കോടിക്കണക്കിനു വരുന്ന ദലിതരുടെയും മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജീവിതം നിതാന്ത ഭയത്തിലാണെന്ന് അരുന്ധതി റോയി ഓര്‍മപ്പെടുത്തുന്നു.
അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും ഭീകരത രാജ്യത്ത് ഇത്രത്തോളം ഭയാനകമായി വളര്‍ന്നിട്ടും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ദൃഷ്ടിയില്‍ അസഹിഷ്ണുതയ്‌ക്കെതിരേ ഉയരുന്ന പ്രതിഷേധം കെട്ടിച്ചമച്ച വിപ്ലവം മാത്രമാണത്രേ. സംഘടിത പ്രചാരണത്തിലൂടെ ഇന്ത്യയെ അസഹിഷ്ണുതയുടെ സമൂഹമാക്കി മാറ്റാന്‍ യത്‌നിക്കുന്നവര്‍ കാണിക്കുന്ന അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇരയാണത്രേ പ്രധാനമന്ത്രി മോദി!
രാഷ്ട്രപതിയടക്കം സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള സാഹിത്യകാരന്മാരും ശാസ്ത്രജ്ഞരും ചരിത്രപണ്ഡിതരും അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളെല്ലാം രാജ്യത്ത് ദ്രുതഗതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കടുത്ത അസഹിഷ്ണുതയ്‌ക്കെതിരേ ഉല്‍ക്കണ്ഠപ്പെടുമ്പോള്‍ പ്രധാനമന്ത്രി മൗനിയാവുകയും ജെയ്റ്റ്‌ലിയെപ്പോലുള്ള കേന്ദ്രമന്ത്രിമാര്‍, ഈ കൊടുംവിപല്‍സന്ധി കെട്ടിച്ചമച്ചതാണെന്നു പറഞ്ഞു മുഖം തിരിക്കുകയും ചെയ്യുന്ന ദുരന്തചിത്രം എന്തുമാത്രം ബീഭല്‍സവും ഭയാനകവുമല്ല! രാജ്യത്തെങ്ങുമുള്ള ജനാധിപത്യ മതേതര സംഘങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും സാമൂഹിക-സാംസ്‌കാരിക സംഘടനകളും എന്നുവേണ്ട, സര്‍വരും സകലമാന അഭിപ്രായഭിന്നതകളും മാറ്റിവച്ച് ഏകമനസ്സോടെ ഒറ്റക്കെട്ടായി അണിനിരന്ന് പ്രതിരോധത്തിന്റെ ശക്തിദുര്‍ഗം പണിയാന്‍ മുമ്പോട്ടുവരേണ്ടിയിരിക്കുന്നു.

റഹ്മാന്‍ മധുരക്കുഴി
എടവണ്ണപ്പാറ
Next Story

RELATED STORIES

Share it