malappuram local

അസഹിഷ്ണുതയ്‌ക്കെതിരേ കലയുടെ പ്രതിരോധമൊരുക്കി കേരള കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍

മഞ്ചേരി: സാഹിത്യവും ചിത്ര കലയും പാട്ടും പറച്ചിലുമെല്ലാം മാനവികതയുടെ വീണ്ടെടുപ്പിനുള്ള ആയുധമാക്കുകയാണ് കേരള കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍. അസഹിഷ്ണുതയുടെ വര്‍ത്തമാനകാല രാഷ്ട്രീയം സമൂഹത്തെ ശത്രുതയുടെ അതിര്‍വരമ്പില്‍ വേര്‍തിരിക്കുമ്പോള്‍ ബഹുസ്വരതയുടെ സഹവര്‍ത്തിത്വം വീണ്ടെടുക്കുക  ഉറച്ച ലക്ഷ്യത്തില്‍ ഈവിടെ കലയുടെ വേദികള്‍ സജീവമാവുന്നു. മഞ്ചേരി ചുള്ളക്കാട് സ്‌ക്കൂള്‍ മൈതാനത്താണ് മൂന്നു ദിവസം നീളുന്ന കേരള കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചിരിക്കുന്നത്. സാഹിത്യ ക്യാംപ്, ചിത്രകലാ ക്യാംപ്, പുസ്തകോല്‍സവം, സാംസ്‌ക്കാരിക പരിപാടികള്‍, സംവാദങ്ങള്‍, സിനിമ എന്നിവയെല്ലാം വിഭവങ്ങളാക്കിയുള്ള സര്‍ഗ് പ്രതിരോധമാണ് പരിപാടി. സാഹിത്യ ക്യാംപില്‍ മൂറോളം യുവ എഴുത്തുകാര്‍ പങ്കെടുക്കുന്നു. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ക്യാംപില്‍ കല്‍പറ്റ നാരായണന്‍, റഫീഖ് അഹമ്മദ്, ആലംകോട് ലീലാകൃഷ്ണന്‍, വീരാന്‍കുട്ടി, പി എന്‍ ഗോപികൃഷ്ണന്‍, ഡോ. എന്‍ രാജന്‍, പി വി ഷാജികുമാര്‍, ഡോ. സി എം അബ്ദുല്‍ നാസര്‍ തുടങ്ങിയവരാണ് അതിഥികള്‍. പ്രശസ്ത സാഹിത്യകാരന്മാര്‍ക്കൊപ്പം സംവദിച്ചു മുന്നേറുന്ന ക്യാംപില്‍ അംഗങ്ങളുടെ സൃഷ്ടികള്‍ റഹ്മാന്‍ കിടങ്ങയത്തിന്റെ നേതൃത്വത്തിലുള്ള 30 എഴുത്തുകാര്‍ വിലയിരുത്തും. വായനക്കാരുമായി എഴുത്തുകാര്‍ നടത്തുന്ന സംവാദവും ക്യാംപിന്റെ വിശേഷ ഘടകമാണ്. ആര്‍ട്ടിസ്റ്റ് സഗീറിന്റെ നേതൃത്വത്തില്‍ ചിത്രകലാ ക്യാംപും പുരോഗമിക്കുന്നു. തല്‍സമയമൊരുക്കുന്ന വര്‍ണ പ്രതിരോധത്തിന്റെ വേദി വേറിട്ട അനുഭവമാണ് കാഴ്ചക്കാര്‍ക്ക് പകരുന്നത്. ഇരുട്ടില്‍ പൊതിഞ്ഞ കാലിക സമസ്യകളോട് അക്ഷരങ്ങളിലൂടെ കലഹിക്കുന്ന പുസ്തകോല്‍സവവും ശ്രദ്ധേയമാണ്. കാലം ആവശ്യപ്പെടുന്ന പ്രതിരോധത്തിന്റെ ജ്വാല വേര്‍തിരിവുകളില്ലാതെ മനുഷ്യരിലേക്കു പകരുകയാണ് കേരള കള്‍ച്ചറല്‍ ഫെസ്റ്റിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് ഫെസ്റ്റിവെല്‍ ഡയറക്ടര്‍ അഡ്വ. ടി പി രാമചന്ദ്രന്‍ പറഞ്ഞു. ബ്രഷോ പേനയോ മറ്റായുധങ്ങളുമില്ലാതെ കൈവിരലുകളാല്‍ വര്‍ണങ്ങള്‍ കോറിയിട്ട് അജീഷ് ഐക്കരപ്പടി ഒരുക്കിയ കുത്തിവര ചിത്ര പ്രദര്‍ശനം, ശബരി ജാനകി ക്യാമറയില്‍ പകര്‍ത്തിയ കാനനക്കാഴ്ചകള്‍, നാടകം, സൂഫി സംഗീതത്തിന്റെ ഹൃദ്യത ഉല്‍സവ വേദിയില്‍ നിറക്കുന്ന ഖവാലി, പതിതന്റെ നോവും സ്വപ്‌നവും താളലയങ്ങളും നെഞ്ചേറ്റി കനല്‍ തിരുവാലിയുടെ നാടന്‍പാട്ടും മേളയെ ജനകീയമാക്കുന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട് സാധാരണക്കാരുടെ മേളയെന്ന് കേരള കള്‍ച്ചറല്‍ ഫെസ്റ്റിവെലിനെ  വിശേഷിപ്പിക്കുമ്പോള്‍ ട്രാന്‍സ്‌ജെന്ററുകള്‍ക്കും ഇവിടെ തുല്യ പരിഗണന ലഭിക്കുന്നു. മനുഷ്യത്വ രഹിതമായി സമൂഹം പാര്‍ശ്വവല്‍ക്കരിച്ച ട്രാന്‍സ്‌ജെന്ററുകളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ പ്രമുഖ ആക്ടിവിസ്റ്റ് കല്‍കി സുബ്രഹ്മണ്യം സമാപന ദിവസമെത്തും.
Next Story

RELATED STORIES

Share it