അസഹിഷ്ണുതയുടെരാഷ്ട്രീയത്തിന്റെ തോല്‍വി: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തിയ ബീഹാര്‍ ജനതയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ.എം. ഷരീഫ് അഭിവാദ്യം ചെയ്തു. മഹാസഖ്യത്തിന് നല്‍കിയ അംഗീകാരം ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഐക്യത്തിന്റെ വിജയമായി  അദ്ദേഹം വിശേഷിപ്പിച്ചു.  വെറുപ്പിന്റെ ശക്തികളെ  ഇന്ത്യന്‍ ജനത ഏറെകാലം സഹിക്കില്ലെന്നും എല്ലാ ഭീഷണികളും നേരിട്ട് രാജ്യത്തെ മതേതര വ്യവസ്ഥ സംരക്ഷിക്കുമെന്നുമാണ്  ബീഹാര്‍ ജനത തെളിയിക്കുന്നത്. ഒരൊറ്റ വര്‍ഷത്തിനകം ജനത ഉണരുകയാണ്. വര്‍ണശബളമായ മുദ്രാവാക്യങ്ങളിലൂടെ തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും  പകരം ലഭിച്ചത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരപരാധികളെ കൊന്നൊടുക്കുന്നഅക്രമിസംഘങ്ങളുടെ തേര്‍വാഴ്ച മാത്രമാണെന്ന്് അവര്‍ തിരിച്ചറിയുന്നു.

എതിര്‍ശബ്ദങ്ങള്‍ നിശബ്ദമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി നിരവധി മഹദ് വ്യക്തികള്‍ ക്രൂരമായി വധിക്കപ്പെട്ടു.എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും എതിരായ അസഹിഷ്ണുത സര്‍ക്കാരിന്റെ ഔദ്യോഗിക നയം തന്നെയായി. പത്മഭൂഷണ്‍ ലഭിച്ച നാല് പ്രമുഖരും, സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 40 പ്രമുഖ എഴുത്തുകാരും, ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ 36 പ്രതിഭകളും പതിനെട്ട് മാസത്തെ ബിജെപി വാഴ്ചക്കാലത്ത് അംഗീകാരങ്ങള്‍ തിരിച്ചുനല്‍കി. നരേന്ദ്ര മോദിയും, അമിത് ഷായും തീവ്രശ്രമം നടത്തിയിട്ടും ബീഹാറില്‍ ബി.ജെപിയുടെ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപി സര്‍ക്കാരുകള്‍ക്ക്  സ്വന്തം നയങ്ങളെക്കുറിച്ച് പുനരാലോചനക്ക് സമയമായിരിക്കുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറും, മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളെ ഉള്‍പ്പെടുത്തി നയിക്കുന്ന മഹാസഖ്യം തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയിരിക്കുന്നു.   ഈ ഫലം രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് ഊര്‍ജവും ഫാഷിസത്തിന്റെ ഇരകള്‍ക്ക്ആശ്വാസവും പകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it