അസറ്റിലിന്‍ വാതകച്ചോര്‍ച്ചയെന്ന് ഫോറന്‍സിക് വിഭാഗം

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ കപ്പലില്‍ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്കു കാരണം അസറ്റിലിന്‍ വാതകച്ചോര്‍ച്ചയാണെന്ന് ഫോറന്‍സിക് വിഭാഗം. കപ്പലില്‍ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച് വ്യക്തതയുണ്ടായിരിക്കുന്നത്. കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കിനു മുകളിലെ എസി പ്ലാന്റിനു സമീപത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് കഴിഞ്ഞദിവസം കൊച്ചി കപ്പല്‍ശാലാ അധികൃതര്‍  വ്യക്തമാക്കിയിരുന്നു. കപ്പലില്‍ വാതകസാന്നിധ്യ പരിശോധനയില്‍ വീഴ്ച പറ്റിയെന്നും ഫോറന്‍സിക് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
അസറ്റിലിന്‍, ഓക്‌സിജന്‍ വാതകങ്ങള്‍ ഉപയോഗിച്ചാണ് ഇരുമ്പുഷീറ്റ് മുറിക്കുന്നത്. രണ്ടു വാതകങ്ങളുടെയും സിലിണ്ടറുകള്‍ കപ്പല്‍ശാലയ്ക്കുള്ളിലാണ്. ഇവിടെ നിന്ന് 150 മീറ്ററോളം പൈപ്പ് വഴിയാണ് കപ്പലിനുള്ളിലേക്കു വാതകങ്ങള്‍ കൊണ്ടുവരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. വാതകം എങ്ങനെ ചോര്‍ന്നു, സംഭവദിവസം നടത്തിയ പരിശോധനയില്‍ വാതകത്തിന്റെ സാന്നിധ്യം എന്തുകൊണ്ട് കണ്ടെത്താനായില്ല തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
അതിനിടെ, എറണാകുളം സിറ്റി പോലിസും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളില്‍ നിന്ന് തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി പി ഷംസ് മൊഴിയെടുത്തു.  പൊട്ടിത്തെറിയെക്കുറിച്ച് മെര്‍ക്കന്റയില്‍ മറൈന്‍ ഡിപാര്‍ട്ട്‌മെന്റും (എംഎംഡി) അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it