Flash News

അസമില്‍ വീണ്ടും വെള്ളപ്പൊക്കം; 78,000 പേര്‍ ദുരിതക്കയത്തില്‍



ഗുവാഹത്തി: അസമില്‍ കനത്ത മഴയെത്തുടര്‍ന്ന് വീണ്ടും വെള്ളപ്പൊക്കം. അഞ്ചു ജില്ലകളിലായി 78,000ലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. ലഖിംപുര്‍, ദക്ഷിണ സല്‍മാര, ഗോല്‍പാര, ഹോജായി, കര്‍ബി, ആങ്‌ലോങ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. അസമിലെയും സമീപ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെയും കനത്ത മഴയാണ് വെള്ളപ്പൊക്കത്തിനു കാരണമായത്. പ്രളയബാധിത ജില്ലകളില്‍ 18 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായും 9000ല്‍ അധികം ആളുകള്‍ ഇവിടെ അഭയം തേടിയതായും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഒറ്റപ്പെട്ടുപോയ ആളുകള്‍ക്കു ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചുകൊടുക്കാനും മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 16000ഓളം പക്ഷിമൃഗാദികളെയും പ്രളയം ബാധിച്ചതായി അസം സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ഗോല്‍പാരയില്‍ മാത്രം 41,000ലധികം പേര്‍ പ്രളയക്കെടുതിയില്‍പ്പെട്ടു. ഗോല്‍ഘാട്ടിനു സമീപം നുമാലിഗറില്‍ ധന്‍സിരി നദി കരകവിഞ്ഞ് ഒഴുകുകയാണ്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ 76 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ദുരിതബാധിത ജില്ലകളിലെ ഭരണകൂടവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തണമെന്ന് അസം സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it