അസമിലെ പൗരത്വ പട്ടിക: പാര്‍ലമെന്റ് പ്രക്ഷുബ്ധം

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: അസമിലെ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ കരടു റിപോര്‍ട്ടിനെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തില്‍ മുങ്ങി രാജ്യസഭ ഇന്നലെ ഏറെനേരം തടസ്സപ്പെട്ടു. ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളാണു വിഷയം ഉന്നയിച്ചത്.
നാഷനല്‍ രജിസ്‌ട്രേഷന്‍ ഓഫ് സിറ്റിസണ്‍സ് അന്തിമ കരട് റിപോര്‍ട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. അടിയന്തര പ്രമേയത്തിനു തൃണമൂല്‍ അംഗങ്ങള്‍ രാജ്യസഭയില്‍ നല്‍കിയ നോട്ടീസിനും അനുമതി ലഭിച്ചില്ല. രാജ്യസഭയില്‍ വിഷയം ഉന്നയിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഉച്ചയ്ക്കു മുമ്പായി ഒരു തവണയും ഉച്ചയ്ക്കു ശേഷം രണ്ടു തവണയും ബഹളത്തില്‍ മുങ്ങിപിരിഞ്ഞ രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം രൂക്ഷമായതോടെ അധ്യക്ഷന്‍ സഭ ഇന്നലത്തേക്കു പിരിച്ചുവിട്ടു. നാഷനല്‍ രജിസ്‌ട്രേഷന്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) അന്തിമ കരട് റിപോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റിന് അകത്തും പുറത്തും പറഞ്ഞത്.
എന്‍ആര്‍സി അന്തിമ കരട് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതു പൂര്‍ണമായും നിഷ്പക്ഷമായാണ്. ആര്‍ക്കെതിരേയും ബലം പ്രയോഗിച്ചുള്ള ഒരു നടപടിയും ഉണ്ടാകില്ല. ആരും ഭയചകിതരാവേണ്ടതില്ല. ഇപ്പോഴിറങ്ങിയിരിക്കുന്നത് കരട് പട്ടികയാണ്; അന്തിമ പട്ടികയല്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ണായകമായ വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നു രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു.
സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് അന്തിമ കരട് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും കേന്ദ്ര സര്‍ക്കാരിന് ഇതില്‍ ഒരുപങ്കുമില്ലെന്നും രാജ്‌നാഥ് സിങ് ആവര്‍ത്തിച്ചു. എന്‍ആര്‍സി എന്നത് അസമില്‍ ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. മുന്‍ സംസ്ഥാന സര്‍ക്കാരും ഇതിനായുള്ള നടപടിക്രമങ്ങള്‍ തുടങ്ങിവച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. ഇതൊരു വൈകാരിക വിഷയമായതിനാല്‍ പ്രതിപക്ഷം ഭീതിപരത്തരുതെന്നും രാജ്‌നാഥ് അഭ്യര്‍ഥിച്ചു.
പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ കരട് റിപോര്‍ട്ട് ജനങ്ങളുടെ മനുഷ്യാവകാശത്തെയും ജനാധിപത്യാവകാശത്തെയും ഹനിക്കുന്നതാണെന്നു കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ സഭയില്‍ പറഞ്ഞു. വിഷയത്തില്‍ മന്ത്രി നല്‍കിയ മറുപടിയില്‍ തൃപ്തിവരാതിരുന്ന പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
അസമിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുകയാണെന്ന് സിപിഎം എംപി മുഹമ്മദ് സലിം പറഞ്ഞു. ഇപ്പോഴത്തെ നീക്കം അസമില്‍ വെറുപ്പം അക്രമവും പടരാനിടയാക്കുമെന്നാണു സമാജ്‌വാദി പാര്‍ട്ടി നേതാവ് ജയ്പ്രകാശ് നാരായണ്‍ യാദവ് പറഞ്ഞു.
Next Story

RELATED STORIES

Share it