അസമിലും ബംഗാളിലും കനത്ത പോളിങ്

ന്യൂഡല്‍ഹി: അസം, പശ്ചിമബംഗാള്‍ നിയമസഭകളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ സംഘര്‍ഷങ്ങള്‍ക്കിടെ കനത്ത പോളിങ്. അസമില്‍ 82.21 ശതമാനവും പശ്ചിമബംഗാളില്‍ 79.5 ശതമാനവുമാണ് പോളിങ്. അസമില്‍ ഇന്നലെ നടന്ന അവസാനഘട്ടത്തില്‍ 61 മണ്ഡലങ്ങളിലായിരുന്നു ജനവിധി. 65 മണ്ഡലങ്ങളിലേക്ക് ഇക്കഴിഞ്ഞ നാലിന് വോട്ടെടുപ്പ് നടന്നിരുന്നു. ബര്‍പെറ്റ ജില്ലയിലെ സോര്‍ബോഗ് മണ്ഡലത്തിലെ പോളിങ് ബൂത്തില്‍ വരിനില്‍ക്കുന്നതിനെച്ചൊല്ലി കേന്ദ്രസേനയും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 80കാരന്‍ മരിച്ചു. പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ദിസ്പൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പോളിങ് ബൂത്തില്‍ വോട്ട് ചെയ്തു. പശ്ചിമബംഗാളില്‍ ഒന്നാംഘട്ടത്തിലെ രണ്ടാംപാദത്തില്‍ 31 മണ്ഡലങ്ങളിലാണു പോളിങ് നടന്നത്. പലയിടത്തും തൃണമൂല്‍-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബര്‍ദ്വാന്‍ ജില്ലയില്‍ പോളിങ് ഓഫിസര്‍ മരിച്ചതിനെ തുടര്‍ന്ന് പോളിങ് അല്‍പസമയം നിര്‍ത്തിവച്ചു.
Next Story

RELATED STORIES

Share it