Flash News

അസമിലും ജമ്മുകശ്മീരിലും പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമില്ല



ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് സമ്പാദിക്കുന്നതിനും നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് അസം, ജമ്മു കശ്മീര്‍, മേഘാലയ സംസ്ഥാനങ്ങളിലെ പൗരന്‍മാരെ റവന്യൂ വകുപ്പ് ഒഴിവാക്കി. 80 വയസ്സിനു മുകളിലുള്ള പൗരന്‍മാര്‍ക്കും ആധാര്‍ നിര്‍ബന്ധമല്ലാതാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. പാന്‍ കാര്‍ഡിനും ആധായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി വിധിപറയാന്‍ മാറ്റിയിരിക്കുകയാണ്. അതെസമയം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി 17ന് വാദം കേള്‍ക്കും. ശൈശവാവകാശ സംരക്ഷണ ദേശീയ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ശാന്തി സിന്‍ഹയാണ് ആധാറുമായി ബന്ധപ്പെട്ട ഹരജിക്കാരില്‍ ഒരാള്‍. ആധാറുമായി ബന്ധപ്പെട്ട കാര്യം വളരെ പ്രധാനമായതിനാല്‍ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹരജിക്കാരിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ കോടതിയെ അറിയിച്ചു. ഇതെ തുടര്‍ന്നാണ് ഹരജിയില്‍ 17ന്് വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്.ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന കോടതി ഉത്തരവുണ്ടായിട്ടും സ്‌കോളര്‍ഷിപ്പ്, ഭക്ഷ്യാവകാശം, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ ഇറക്കിയിരിക്കുകയാണെന്ന് ദിവാന്‍ ചൂണ്ടിക്കാട്ടി.ഹരജികളില്‍ രണ്ടംഗ ബെഞ്ച് വാദം കേള്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതിനെ സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ എതിര്‍ത്തു. സുപ്രിംകോടതി ഉത്തരവിനു ശേഷം സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തിയ വിവരം ഹരജിക്കാരി കോടതിയെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it