kozhikode local

അസം സ്വദേശിയെ ശ്വാസം മുട്ടിച്ച് കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍

കോഴിക്കോട്: ആറ് വര്‍ഷം മുമ്പ് വാഴൂര്‍ ചണ്ണയില്‍ മൂലോട്ടില്‍ പുറായിലുള്ള ആക്കോട് ചെങ്കല്‍ ക്വാറിയില്‍ അസമിലെ ചാബോല്‍ സ്വദേശി ഏനൂര്‍ റഹ്മാനെ (20)കഴുത്തില്‍ തോര്‍ത്തിട്ട് ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ അസാം സ്വദേശിയുള്‍പ്പെടെ രണ്ടുപേരെ കോഴിക്കോട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വാഴയൂര്‍ നടുവങ്ങോട്ടുമല കാരേങ്ങല്‍ വീട്ടില്‍ ഷിഹാബുദ്ദീന്‍ (33), ആസാമിലെ ദുബ്‌റി ജില്ലക്കാരനായ ജലിബര്‍ ഹഖ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം (എച്ച്എച്ച്ഡബ്ല്യു.) പിടികൂടിയത്. ഒളിവില്‍ പോയ ഷിഹാബുദ്ദീന്റെ സുഹൃത്തും െ്രെഡവറുമായി മലയാളി യുവാവിനേയും അസം സ്വദേശിയായ യുവാവിനേയും പിടികൂടാനുണ്ട്.
ഷിഹാബുദ്ദീന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ഏനൂര്‍ റഹ്മാനുള്ള അടുപ്പമാണു കൊലപാതകത്തില്‍ കലാശിച്ചത്. 2010 ഫെബ്രുവരി രണ്ടിനാണു കേസിനാസ്പദമായ സംഭവം. വാഴയൂര്‍, ചണ്ണയില്‍ മൂലോട്ടില്‍ പുറായിലെ ചെങ്കല്‍ ക്വാറിയിലായിരുന്നു ഏനൂര്‍ റഹ്മാന്റെ മൃതദേഹം കണ്ടെത്തിയത്.
കാലുകളും കൈകളും വായും മുണ്ടുകൊണ്ടു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വാഴക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് രണ്ടുമാസത്തിനു ശേഷം മാര്‍ച്ചില്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 18 വയസ്സിലാണ് ഏനൂര്‍ റഹ്മാന്‍ കേരളത്തിലേക്ക് ജോലി തേടിയെത്തിയത്. മലപ്പുറത്തെ ചെങ്കല്‍ ക്വാറിയിലും മറ്റുമായി ജോലി ചെയ്തുവരികയായിരുന്നു. കഠിനാധ്വാനിയായതിനാല്‍ ക്വാറി നടത്തിപ്പുകാര്‍ക്കും ഏറെ ഇഷ്ടമായിരുന്നു. അതിനിടെ ക്വാറിക്ക് സമീപത്തെ ഒരു വീട്ടിലെ നിത്യ സന്ദര്‍ശകനായി. ഇവിടെയുള്ള പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു. ഈ വിവരം പെണ്‍കുട്ടിയുടെ ബന്ധുവായ ഷിഹാബുദ്ദീന്‍ അറിഞ്ഞു. ഷിഹാബുദ്ദീന്‍ മറ്റൊരു ക്വാറിയിലെ തൊഴിലാളിയാണ്.
ഷിഹാബുദ്ദീനെ അസം സ്വദേശിയായ ജലിബര്‍ ഹഖിനു പരിചയമുണ്ടായിരുന്നു. ബന്ധുവായ പെണ്‍കുട്ടിയും ആസാം സ്വദേശിയായ റഹ്മാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഷിഹാബുദ്ദീന്‍ ജലിബറിനെ അറിയിച്ചു. തുടര്‍ന്നു ജലിബര്‍ റഹ്മാനെ താക്കീത് ചെയ്തു. എന്നാല്‍ ബന്ധം ഉപേക്ഷിച്ചില്ല.
ഇതേതുടര്‍ന്നു ഷിഹാബുദ്ദീന്‍ റഹ്മാനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ജലിബറിനെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്നു ജലിബറും അസം സ്വദേശിയായ സുഹൃത്തും ഷിഹാബുദ്ദീനും സുഹൃത്തായ ഡ്രൈവറും ചേര്‍ന്ന് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കി. 2010 ജനുവരി 31 ന് പുലര്‍ച്ചെ മൂന്നിനു റഹ്മാനെ ജോലി സ്ഥലത്തു നിന്നു ജലിബറും സുഹൃത്തായ ആസാം സ്വദേശിയും കൂടി ബൈക്കില്‍ മൂലോട്ടിന്‍ പുറയായിലെ ചെങ്കല്‍ ക്വാറിയിലെത്തിച്ചു. ഷിഹാബുദ്ദീന്റെ സുഹൃത്ത് തോര്‍ത്തുകൊണ്ടു റഹ്മാന്റെ കൈയും വായും കെട്ടുകയും ജലിബര്‍ രണ്ടു കാലുകളും തോര്‍ത്തുമുണ്ടുകൊണ്ടു കെട്ടി. താഴെ വീഴ്ത്തിയ റഹ്മാന്റെ കഴുത്തില്‍ ഷിഹാബുദ്ദീന്‍ തോര്‍ത്തുമുണ്ട് കൊണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടര്‍ന്നു ക്വാറിയിലേക്ക് മൃതദേഹം വലിച്ചിട്ടു. അതിനു മുകളില്‍ ക്വാറിയില്‍ നിന്നു നീക്കം ചെയ്ത മണ്ണിട്ടു മൂടി. തെളിയിക്കപ്പെടാത്ത കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ക്രൈംബ്രാഞ്ച് എഡിജിപി എസ് അനന്തകൃഷ്ണന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വധക്കേസ് വീണ്ടും അന്വേഷിച്ചു.
നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്തു. അതിനിടയില്‍ ജലിബറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്പി കെ ബി വേണുഗോപാല്‍, ഡിവൈഎസ്പി ഇ പി പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തില്‍ സിഐ പി എല്‍ ഷൈജു, എസ്‌ഐമാരായ എ വി വിജയന്‍, പുരുഷോത്തമന്‍, എഎസ്‌ഐമാരായ പി പി രാജീവ്, പി ബാബുരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ അസീസ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it