അസം: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നേക്കും

ഗുവാഹത്തി: അസമില്‍ നാളെ വോട്ടെടുപ്പു നടക്കുന്ന 61 നിയമസഭാ മണ്ഡലങ്ങളില്‍ 23ഉം മുസ്‌ലിം ഭൂരിപക്ഷമാണ്. മുസ്‌ലിംകള്‍ ബംഗ്ലാദേശില്‍ നിന്നു കുടിയേറിയവരാണെന്നും അവരെ പുറത്താക്കണമെന്നും പ്രചാരണം നടത്തുന്ന ബിജെപിക്ക് ഈ മണ്ഡലങ്ങളില്‍ പരാജയം ഉറപ്പാണെന്നാണ് റിപോര്‍ട്ടുകള്‍. സെന്‍ട്രല്‍, ലോവര്‍, വെസ്‌റ്റേണ്‍ അസമിലാണ് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍. കോണ്‍ഗ്രസ്സും മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനമുള്ള അഖിലേന്ത്യ ഐക്യജനാധിപത്യ മുന്നണി(എഐയുഡിഎഫ്)യും രണ്ടാംഘട്ട വോട്ടെടുപ്പില്‍ നേട്ടം കൊയ്യുമെന്നാണു വിലയിരുത്തല്‍.
36 സീറ്റില്‍ ബിജെപി മല്‍സരിക്കുന്നു. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും ബാക്കി 25 സീറ്റുകളിലും. 2011ലെ തിരഞ്ഞെടുപ്പില്‍ എഐയുഡിഎഫിന് 17 സീറ്റാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തു നിന്നു ലഭിച്ചത്. 34 ശതമാനമാണ് അസമിലെ മുസ്‌ലിം ജനസംഖ്യ. എന്നാല്‍, എഐയുഡിഎഫിനെ മറികടന്ന് ഇത്തവണ കോണ്‍ഗ്രസ് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വെന്നിക്കൊടി നാട്ടുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഹൈദര്‍ ഹുസയ്ന്‍ പറയുന്നു. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ബാര്‍പേട്ടയില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐയുഡിഎഫിന് തിരിച്ചടി നേരിട്ടപ്പോള്‍ നേട്ടം കോണ്‍ഗ്രസ്സിനായിരുന്നു. സമാന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നത് തുടര്‍ഭരണം ആഗ്രഹിക്കുന്ന കോണ്‍ഗ്രസ്സിനു തുണയാവും. പാര്‍ട്ടിക്ക് ശക്തമായ സംഘടനാ സംവിധാനമുള്ള ഈ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ നേട്ടങ്ങള്‍ വിവരിച്ച് കോണ്‍ഗ്രസ് വ്യാപക പ്രചാരണം നടത്തിയിരുന്നു.
എന്നാല്‍, കഴിഞ്ഞദിവസം ബാര്‍പേട്ടയില്‍ ബിജെപി റാലിയില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചു. സൗദി സന്ദര്‍ശനത്തിന്റെ വിശേഷങ്ങളായിരുന്നു പ്രസംഗത്തിലെ സിംഹഭാഗവും. മുസ്‌ലിംകളുടെ പുണ്യകേന്ദ്രമായ മക്ക സ്ഥതിചെയ്യുന്ന സൗദിയില്‍ താന്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയെന്നു പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്.
സീറ്റുകളില്‍ വനിതകള്‍ പിറകില്‍
ഗുവാഹത്തി: അസമില്‍ വനിതകള്‍ക്ക് സീറ്റ് നല്‍കുന്നതില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കെല്ലാം വൈമനസ്യം. മൊത്തം സ്ഥാനാര്‍ഥികളില്‍ 8.6 ശതമാനം മാത്രമാണു വനിതകള്‍. ഒന്നാംഘട്ട വോട്ടെടുപ്പില്‍ പുരുഷന്‍മാരെ പിന്നിലാക്കി കൂടുതല്‍ വനിതാ വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചുവെന്നായിരുന്നു വാര്‍ത്ത. പക്ഷേ, 2011നേക്കാള്‍ കുറഞ്ഞ പരിഗണനയാണ് ഇത്തവണ വനിതകള്‍ക്കു കിട്ടിയത്.
2011ല്‍ 85 വനിതകള്‍ മല്‍സര രംഗത്തുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടിയ 14 പേര്‍ മാത്രമാണു ജയിച്ചത്. അന്ന് 19 വനിതകളെ മല്‍സരിപ്പിച്ച കോണ്‍ഗ്രസ് ഇത്തവണ 12 സിറ്റിങ് എംഎല്‍എമാരുള്‍പ്പെടെ 16 പേരെയാണു മല്‍സരിപ്പിച്ചത്. കഴിഞ്ഞതവണ ഒമ്പതു വനിതകളെ മല്‍സരിപ്പിച്ച ബിജെപിയാവട്ടെ ഇത്തവണ ആറാക്കി കുറച്ചു. ബിജെപിയുടെ സഖ്യകക്ഷികളായ അസം ഗണ പരിഷത്ത് എട്ടില്‍ നിന്നു രണ്ടായും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് മൂന്നില്‍ നിന്നു രണ്ടായും കുറച്ചു. സിപിഎം, സിപിഐ(എംഎല്‍), സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി എന്നീ കക്ഷികള്‍ക്ക് ഓരോ വനിത സ്ഥാനാര്‍ഥി മാത്രമേയുള്ളൂ.
Next Story

RELATED STORIES

Share it