അസം, ബംഗാള്‍, തമിഴ്‌നാട് വോട്ടെണ്ണല്‍ ഇന്ന്: ഫലത്തില്‍ കണ്ണുനട്ട് ദേശീയ രാഷ്ട്രീയം

ന്യുഡല്‍ഹി: രണ്ട് വനിതാ മുഖ്യമന്ത്രിമാര്‍ തുടരുമോ, രണ്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് ഭരണം നഷ്ടമാവുമോ, 2014ല്‍ കൊട്ടിഘോഷിക്കപ്പെട്ട മോദി തരംഗം ആവിയായോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇന്നറിയാം. കേരളത്തിന് പുറമേ അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ആര് ഭരിക്കുമെന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.
മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന തരുണ്‍ ഗൊഗോയിയെ മടുത്ത് അസം ജനത ബിജെപിയെ പുല്‍കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയും പരാജയം നുണയുമെന്ന് പറയുന്ന എക്‌സിറ്റ് പോളുകള്‍ തമിഴ്‌നാട്ടില്‍ ജയലളിതയ്ക്ക് അടിതെറ്റുമെന്നും പശ്ചിമബംഗാളില്‍ മമതയുടെ തേരിലേറി തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നും പ്രവചിച്ചിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയ ചായ്‌വ് പ്രകടമാക്കി നടത്തുന്ന പ്രവചനങ്ങള്‍ യഥാര്‍ഥ ഫലം വരുമ്പോള്‍ പാടേ പരാജയപ്പെട്ട ചരിത്രവുമുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം നടന്ന ഡല്‍ഹി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് ഇത്തവണ മികച്ച വിജയം നേടല്‍ അനിവാര്യമാണ്. പ്രത്യേകിച്ച് നാല് സംസ്ഥാനങ്ങളിലും മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും നേരിട്ട് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സാഹചര്യത്തില്‍. അസമില്‍ ബിജെപി അധികാരം പിടിക്കുമെന്ന പ്രവചനങ്ങളില്‍ ആശ്വസിച്ചിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസമില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയിരുന്നു. ലോവര്‍ അസമിലെ വടക്കന്‍ മേഖല ബിജെപിയുടെ സഖ്യകക്ഷികള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ്. ലോവര്‍ അസമിലെ തെക്കന്‍ പ്രദേശങ്ങള്‍ കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫ് മുസ്‌ലിം വോട്ട് പിടിച്ചാല്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയാവുകയും ബിജെപിക്ക് അധികാരത്തിലേക്ക് വഴിതുറക്കുകയും ചെയ്യും. കേരളത്തിന് സമാനമായി അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഭരണം മാറുന്ന തമിഴ്‌നാട്ടില്‍ ഇത്തവണയും അതാവര്‍ത്തിക്കുമെന്ന് പ്രവചിച്ചവര്‍ക്ക് ഇപ്പോഴും സംശയം തീര്‍ന്നിട്ടില്ല.
പശ്ചിമബംഗാളില്‍ മമതയെ കഴിഞ്ഞതവണ തുണച്ചത് കൊല്‍ക്കത്തയിലെയും സമീപപ്രദേശങ്ങളിലെയും മധ്യവര്‍ഗവും ന്യൂനപക്ഷങ്ങളുമാണ്. ഇന്ന് കൊല്‍ക്കത്തയിലെയും സമീപപ്രദേശങ്ങളിലെയും ആദ്യഫലങ്ങള്‍ വരുമ്പോള്‍ തന്നെ ബംഗാള്‍ ആര് ഭരിക്കുമെന്ന് ഉറപ്പിക്കാനാവും. ബംഗാളിലോ കേരളത്തിലോ വിജയമുണ്ടായില്ലെങ്കില്‍ ദേശീയതലത്തില്‍ പ്രാധാന്യം നഷ്ടപ്പെടുമെന്നതാണ് സിപിഎം നേരിടുന്ന പ്രതിസന്ധി.
Next Story

RELATED STORIES

Share it