അസം, ബംഗാള്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: അസം, പശ്ചിമബംഗാള്‍ നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ബംഗാളിലെ പശ്ചിമ മിഡ്‌നാപൂര്‍, പുരുലിയ, ബങ്കുറ ജില്ലകളിലുള്ള 18ഉം അസമിലെ 65ഉം മണ്ഡലങ്ങളിലാണു പോളിങ്. ആകെ 539 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും ഇതില്‍പ്പെടും.
ഇരുസംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. അസമിലെ 65 മണ്ഡലങ്ങളിലേക്കു മാത്രം 40,000 സുരക്ഷാഭടന്‍മാരെ വിന്യസിച്ചു. 126 മണ്ഡലങ്ങളുള്ള അസമില്‍ ശേഷിക്കുന്ന 61 മണ്ഡലങ്ങളിലേക്ക് ഈ മാസം 11നു രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. 294 മണ്ഡലങ്ങളുള്ള ബംഗാളില്‍ ആറുഘട്ടമായാണ് പോളിങ്. 56 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 17നു നടക്കും.
അസമില്‍ ബിജെപിയും അസം ഗണപരിഷത്തും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും ഉള്‍പ്പെടുന്ന സഖ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. മുസ്‌ലിംകള്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുള്ള എഐയുഡിഎഫാണ് സംസ്ഥാനത്തെ മറ്റൊരു പ്രബല കക്ഷി. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎം-കോണ്‍ഗ്രസ് കക്ഷികള്‍ ചേര്‍ന്നുള്ള 'മഹാസഖ്യ'വും തമ്മിലാണ് പ്രധാന മല്‍സരം.
Next Story

RELATED STORIES

Share it