Flash News

അസം പൗരത്വം: എസ്ഡിപിഐ പ്രചാരണത്തിന് തുടക്കം

ന്യൂഡല്‍ഹി: അസമിലെ 40 ലക്ഷത്തില്‍ അധികം വരുന്ന ജനങ്ങളുടെ പൗരത്വം നിഷേധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരേ ദേശവ്യാപക പ്രചാരണത്തിന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ തുടക്കം കുറിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന ഏകദിന പ്രതിഷേധ ധര്‍ണ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്തു. പൗരത്വം തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും ദേശീയ പൗരത്വ പട്ടികയില്‍ ഇടം ലഭിക്കാത്ത ആയിരക്കണക്കിനു കേസുകള്‍ അസമില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദിഭരണത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖലയടക്കം എല്ലാം തകര്‍ന്നടിഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവും വര്‍ധിച്ചു. രാജ്യത്തെ ഒരു ശതമാനം കോര്‍പറേറ്റുകള്‍ക്കു വേണ്ടി മാത്രം നിലനില്‍ക്കുന്ന ഭരണമാണ് കേന്ദ്രത്തിലുള്ളത്. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. അതിനെതിരേ മുന്നോട്ടുവരുന്നവരെ ഒറ്റപ്പെടുത്തുകയും കൊലപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് എന്‍ആര്‍സിയും. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത 40 ലക്ഷം പേരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവന ഇതിനു തെളിവാണ്. സ്വന്തം നാട്ടില്‍ അഭയാര്‍ഥികളാക്കപ്പെടുന്നവര്‍ക്കായി എസ്ഡിപിഐ നിലകൊള്ളുമെന്ന് എം കെ ഫൈസി പറഞ്ഞു. 1971നു മുമ്പ് തങ്ങളുടെ കുടുംബം ഇവിടെ ജീവിച്ചിരുന്നുവെന്ന രേഖ ഹാജരാക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, അത്തരമൊരു രജിസ്റ്റര്‍ ഇന്ത്യയുടെ പാര്‍ലമെന്റിലോ രാജ്യത്തെ വിവിധ അസംബ്ലികളിലോ നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയിലെ മഹാ ഭൂരിഭാഗം വരുന്ന എംപിമാരും എംഎല്‍എമാരും രാജ്യത്തിനു പുറത്താവുമെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ശറഫുദ്ദീന്‍ അഹ്മദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പ്രേം കുമാര്‍ ഝാ, അജിത് സാഹി, പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് പ്രസിഡന്റ് ഇ എം അബ്ദുര്‍റഹ്മാന്‍, എന്‍ ഡി പഞ്ചോളി എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it